കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുരുക്ക് മുറുക്കി ഇഡി: സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിൽ

കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്. കരുവന്നൂർ കേസിൽ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ കസ്റ്റഡിയിലെടുക്കുന്നത്.

കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയ രണ്ടുപേരാണ് പ്രാദേശിക സിപിഎം നേതാവായ പി.ആർ. അരവിന്ദാക്ഷനും ഇടനിലക്കാരനായ കെ.എ. ജിജോറും. ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും ബലത്തിലാണ് ഒന്നാം പ്രതി പി.സതീഷ്കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവരെ ഇ.ഡി. അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്. വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്റെ വിശ്വസ്തനാണ് അരവിന്ദാക്ഷൻ.

ചോദ്യചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ മാസം 12നാണ് അരവിന്ദാക്ഷനെ കൊച്ചി ഇ.ഡി ഓഫിസിലേക്കു ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കം അരവിന്ദാക്ഷൻ ആരോപിച്ചു. എന്നാൽ ചോദ്യചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!