മത്സരിക്കാന്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും കൂട്ടത്തോടെ; തന്ത്രംമാറ്റി ബിജെപി
ഭോപ്പാല്‍: രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനര്‍ഥി പട്ടിക തിങ്കളാഴ്ച ബിജെപി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ മുഴുവന്‍ ശക്തിയുമെടുത്തുള്ള പോരാട്ടത്തിനാണ് ബിജെപി തയ്യാറെടുത്തിരിക്കുന്നത്. മൂന്ന് കേന്ദ്ര മന്ത്രിമാര്‍, നാല് എംപിമാര്‍, ഒരു ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരാണ് 39 അംഗ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
ദിമാനി മണ്ഡലത്തില്‍ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും നിവാസ് മണ്ഡലത്തില്‍ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്‌തെയും നര്‍സിങ്പുരില്‍ കേന്ദ്ര ജലശക്തിവകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലും സ്ഥാനാര്‍ഥികളാണ്. ഇന്ദോര്‍-1 മണ്ഡലത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയയാണ് സ്ഥാനാര്‍ഥി. രാകേഷ് സിങ്, ഗണേഷ് സിങ്, റീതി പഥക്, ഉദയ് പ്രതാപ് സിങ് എന്നീ എംപിമാരേയും നിയമസഭയിലേക്ക് മത്സരിക്കാന്‍ വിട്ടിരിക്കുകയാണ് ബിജെപി.
മുന്‍നിര നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ എതിരാളികളേക്കാള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിയിരിക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ ഒരു നേതൃമാറ്റത്തിന്റെ സൂചനയാണ് ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥി പട്ടികയിലൂടെ നല്‍കിയിരിക്കുന്നത്.
ബിജെപിയുടെ ആദ്യ രണ്ട് പട്ടിക പുറത്ത് വന്നിട്ടും ശിവരാജ് സിങ് ചൗഹാന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. നരേന്ദ്ര സിങ് തോമര്‍, പ്രഹ്‌ളാദ് സിങ് പട്ടേല്‍, കൈലാഷ് വിജയ് വാര്‍ഗിയ എന്നീ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രി കസേരയിലേക്ക് ശിവരാജ് സിങ് ചൗഹാന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നവരാണ്.
തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ള ചൗഹാന് 2018-ല്‍ ചുവട് പിഴച്ചിരുന്നു. 2018-ല്‍ നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലേറിയ കോണ്‍ഗ്രസിനെ പിന്നീട് എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് ബിജെപി അധികാരം പിടിച്ചത്. 2018- മുതല്‍ തുടരുന്ന ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ശിവരാജ് സിങ് ചൗഹാന് ഒരവസരം കൂടി ലഭിച്ചിട്ടും അത് മാറ്റിയെടുക്കാന്‍ ആയിട്ടില്ലെന്നും പാര്‍ട്ടി കണക്കാക്കുന്നു.
മറുവശത്ത് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഊര്‍ജസ്വലമായ പ്രചാരണങ്ങളുമായി മുന്നേറുമ്പോള്‍ ഹിന്ദുത്വ തന്ത്രങ്ങള്‍ക്ക് പുതിയ മുഖം വേണമെന്ന വിലയിരുത്തലിലാണ് ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രചാരണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം പട്ടിക ബിജെപി പുറത്തിറക്കിയത്. പ്രചാരണത്തില്‍ ഒരിക്കല്‍ പോലും പ്രധാനമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പേര് പറഞ്ഞില്ല എന്നതും ശ്രദ്ധേയമായിരുന്നു.
‘ചില മുന്‍നിര നേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്ന് ചൗഹാനെ കേന്ദ്ര നേതൃത്വം മുന്‍കൂട്ടി ധരിപ്പിച്ചിരുന്നെങ്കിലും ഇത്രത്തോളം നേതാക്കളെ ഒരുമിച്ച് പ്രഖ്യാപിച്ചത് ശിവരാജ് സിങ് ചൗഹാനെ അമ്പരപ്പിച്ചു’ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കൈലാഷ് വിജയ് വാര്‍ഗിയയുടെ സ്ഥാനാര്‍ഥിത്വം മാത്രമാണ് ചൗഹാന്‍ പ്രതീക്ഷിച്ചിരുന്നത്. തോമറടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ പേരുകള്‍ സര്‍പ്രൈസായിരുന്നു. ഓഗസ്റ്റ് 18-ന് പ്രഖ്യാപിച്ച ഒന്നാമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍നിര നേതാക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
ആദിവാസി തൊഴിലാളിയുടെ മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍ വിവാദത്തിലായ എംഎല്‍എ കേദര്‍നാഥ് ശുക്ലയെ മാറ്റിയാണ് എംപി റീതി പഥകിനെ സിദ്ധിയില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 39 സീറ്റുകളില്‍ ഭൂരിഭാഗവും കഴിഞ്ഞ തവണ ബിജെപി പരാജയപ്പെട്ട സീറ്റുകളാണ്. എംപിമാരെയും വിജയവര്‍ഗിയയെയും കൂടാതെ ഏഴ് മുന്‍ എംഎല്‍എമാരും പുതിയ പട്ടികയിലുണ്ട്. ആഭ്യന്തര സര്‍വേകളെ തുടര്‍ന്നാണ് ഇവരുടെ പേരുകള്‍ തീരുമാനിച്ചതെന്ന് ബിജെപി നേതാവ് പറഞ്ഞു.
അതേ സമയം ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാനുള്ള ഒരു തന്ത്രം കൂടിയാണ് ഈ തീരുമാനമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച് മുഖ്യമന്ത്രി സീറ്റ് മോഹികളായിട്ടുള്ള നിരവധി പേര്‍ സംസ്ഥാനത്തുള്ള സാഹചര്യത്തിലാണ് ഈ തന്ത്രം ബിജെപി പ്രയോഗിക്കുന്നത്.
മണിക് സാഹയെയും കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനെയും ത്രിപുരയില്‍ മത്സരിപ്പിച്ച തന്ത്രം തന്നെയാണ് മധ്യപ്രദേശിലുമെന്നാണ് ചില ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ നേതാവ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് അവരുടെ അനുയായികള്‍ പ്രതീക്ഷിക്കുകയും കഠിനാധ്വാനം നടത്തുകയും ചെയ്യും. അത് പാര്‍ട്ടിക്ക് മൊത്തത്തില്‍ ഗുണകരമാണെന്നാണ് വിലയിരുത്തല്‍.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക