പ്രതീക്ഷിച്ചത് തൃശൂര്‍, കിട്ടിയത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്; ‘ഒതുക്കൽ’ സംശയിച്ച് സുരേഷ് ഗോപി
കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന നിലപാടിൽ നടൻ സുരേഷ് ഗോപി. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം പ്രഖ്യാപിച്ചതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് അടുപ്പക്കാർ പറയുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയതിനാൽ സ്ഥാനം ഏറ്റെടുക്കാതിരിക്കാനും കഴിയില്ല. ബിജെപി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ രംഗത്ത് കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ തവണ മത്സരിച്ച തൃശൂരിൽ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പദയാത്ര നടത്താനുള്ള തയാറെടുപ്പിലുമായിരുന്നു. തൃശൂരിൽത്തന്നെ മത്സരിക്കാൻ കേന്ദ്ര നേതൃത്വം നിർദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന് ഒപ്പമുള്ളവരുടെ പ്രവർത്തനങ്ങൾ. ഇതിനിടയിലാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി വിവരം പുറത്തുവിട്ടത്. 3 വർഷമാണ് കാലാവധി.
മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി വിവരം അറിഞ്ഞതെന്ന് അടുപ്പമുള്ളവർ പറയുന്നു. തന്നോട് ആലോചിക്കാതെ തീരുമാനമെടുത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. കേന്ദ്ര നേതൃത്വമെടുത്ത തീരുമാനമായതിനാൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി നിലപാട് വ്യക്തമാക്കും. കേന്ദ്രം തീരുമാനത്തിൽ ഉറച്ചുനിന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന നിലയിൽ നേരത്തെ പ്രചാരണമുണ്ടായെങ്കിലും സ്ഥാനം ലഭിച്ചില്ല. രാഷ്ട്രീയത്തിൽ സജീവമാകുന്ന ഘട്ടത്തിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത് ഒതുക്കലിന്റെ ഭാഗമായാണോ എന്ന് അദ്ദേഹത്തിനൊപ്പമുള്ളവർ സംശയിക്കുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ലോക്സഭയിലേക്ക് മത്സരിക്കാൻ കഴിയുമോ എന്ന കാര്യത്തിലും അവർക്ക് ആശങ്കയുണ്ട്. കേന്ദ്ര നേതൃത്വവുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യങ്ങൾ സുരേഷ് ഗോപി ഉന്നയിച്ചേക്കും.
കഴിഞ്ഞ തവണ തൃശൂർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച സുരേഷ് ഗോപി 2,93,822 വോട്ടുകൾ നേടിയിരുന്നു. കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക