ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ‘മതേതരത്വം’ എന്നത് ഒഴിവാക്കി; ഭരണഘടന രൂപീകരിച്ചപ്പോൾ ഇങ്ങനെയായിരുന്നു എന്ന് കേന്ദ്രത്തിൻ്റെ മറുപടി – വീഡിയോ

പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽനിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം എഎൻഐ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’ എന്ന ഭാഗമാണ് എടുത്തുമാറ്റിയത്.

‘‘ഞങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പുതിയ പതിപ്പിൽ, അതായത് പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോൾ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖ(പ്രീയാമ്പിൾ)ത്തിൽ ‘സോഷ്യലിസ്റ്റ് സെക്യുലർ’ എന്ന വാക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം, പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ആരെങ്കിലും ഭരണഘടന കൈമാറുമ്പോൾ ആ വാക്കുകൾ ഉൾപ്പെടുന്നില്ല എന്നത് ആശങ്കാവഹമായ കാര്യമാണ്. ‌

അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണ്. വളരെ കൗശലപൂർവമാണ് അവരത് ചെയ്തിരിക്കുന്നത്. ഇതെനിക്ക് വളരെയധികം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഈ വിഷയം ഞാൻ ഉന്നയിക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല’’– ചൗധരി പറഞ്ഞു.

 

 

എന്നാൽ ഭരണഘടന രൂപീകരിച്ചപ്പോൾ ഇങ്ങനെയായിരുന്നുവെന്ന മറുപടിയാണ് കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ആരോപണത്തോട് ബിജെപി നേതാവും പാർലമെന്ററികാര്യ മന്ത്രിയുമായ പ്രഹ്ലാദ് ജോഷി നൽകിയത്. ‘‘ഭരണഘടന രൂപീകരിച്ചപ്പോൾ ഇതുപോലെയായിരുന്നു. പിന്നീട് 42ാം ഭേദഗതിയോടെയാണു മാറ്റം വന്നത്. യഥാർഥ കോപ്പികൾ ഉണ്ട്’’ – പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!