സൗദിയിൽ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസും പരിശോധിക്കും; ‘പ്രൊഫഷണൽ വെരിഫിക്കേഷൻ’ സേവനം ആരംഭിച്ചു

സൗദിയിലേക്ക് വരുന്ന പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് “പ്രൊഫഷണൽ വെരിഫിക്കേഷൻ” സേവനം നടപ്പിലാക്കുന്നത്. ഏകീകൃത പ്ലാറ്റ്ഫോം വഴി ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.  എന്നാൽ ഏതെല്ലാം രാജ്യങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക എന്നോ, ഏതെല്ലാം തൊഴിൽ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ പുതിയ സേവനം പ്രാബല്യത്തിൽ വരിക എന്നോ ഇപ്പോൾ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

സൗദിയിലേക്ക് തൊഴിൽ വിസയിൽ വരുന്ന വിദേശികൾക്ക് ജോലി ചെയ്യാനാവശ്യമായ അക്കാദമിക് യോഗ്യത ഉണ്ടെന്ന് പരിശോധിക്കുകയും അത് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു ഡോക്യുമെൻ്റുകളും ഉണ്ടെന്ന്  ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജോലിചെയ്യാൻ ഉദ്ദേശിക്കുന്ന പ്രൊഫഷനനുരിച്ചുള്ള  ലെവൽ, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് തുടങ്ങിയവയും പരിശോധിക്കും. മതിയായ രേഖകളും മുൻ പരിചയവും ഉള്ളവരെ മാത്രമേ സൗദി തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ അനുവദിക്കുകയുളളൂ. തൊഴിൽ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കൂടാതെ ആകർഷകമായ തൊഴിൽ മേഖല കെട്ടിപ്പടുക്കുന്നതിനും തൊഴിൽ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും “വൊക്കേഷണൽ വെരിഫിക്കേഷൻ” എന്ന ഈ പുതിയ സേവനത്തിലൂടെ മന്ത്രാലയം ലക്ഷ്യം വെക്കുന്നു.

നേരത്തെ ആരംഭിച്ച തൊഴിൽ നൈപുണ്യ പരീക്ഷയിൽ നിന്നും വ്യത്യസ്ഥമായാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ എന്ന ഈ പുതിയ സേവനത്തിൻ്റെ പ്രവർത്തനം. തൊഴിൽ നൈപുണ്യ പരീക്ഷയിൽ തൊഴിലാളികുടെ തൊഴിൽ ചെയ്യാനുള്ള യോഗ്യത പരിശോധിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് പ്രാക്ടിക്കലായും തിയറി പരീക്ഷയിലൂടേയും തെളിയിക്കണ്ടതുണ്ട്. എന്നാൽ പ്രൊഫഷണൽ വെരിഫിക്കേഷൻ എന്ന പുതിയ സേവനത്തിലൂടെ തൊഴിലാളികുടെ യോഗ്യതയും പരിചയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും പരിശോധിക്കുകയാണ് ചെയ്യുക.

 

 

 

Share
error: Content is protected !!