നിപ ജാഗ്രത: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധിയില്ല; ഉത്തരവ് തിരുത്തി കളക്ടര്‍

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുമെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടർ. ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ എന്ന പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയായത് ജനങ്ങളില്‍ ഭീതി പരത്താന്‍ കാരണമായ സാഹചര്യത്തിലാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയതെന്ന്‌ കളക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നു

സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. മറ്റ് നിർദേശങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും കളക്ടർ അറിയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്തണമെന്നും വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്നുമായിരുന്നു മുന്‍ ഉത്തരവ്.

അടുത്ത ഒരാഴ്ചത്തേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും കഴിഞ്ഞ ദിവസം തന്നെ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
ജില്ലയിലെ പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. എന്നാൽ തുടർച്ചയായ അവധി കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നതിനാലാണ് ഓൺലൈനായി ക്ലാസുകൾ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അവധിദിനങ്ങളിൽ കുട്ടികൾ വീടിനു പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, നിപ ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയില്‍പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസമായി. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ പെട്ട പതിനൊന്നു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ, പരിശോധനക്കയച്ചതിൽ 94 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 9 വയസുകാരന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ള നാല് പേരുടേയും നിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. മോണോ ക്ലോണോ ആന്‍റി ബോഡി ഇവര്‍ക്ക് നല്‍കേണ്ട സാഹചര്യമില്ല. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സംഘം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം, കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്ഡ‍ുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. നിയന്ത്രണം ലംഘിച്ച് ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ കിനാലൂര്‍ ഉഷാ സ്കൂള്‍ ഓഫ് അതല്റ്റിക്സ് ഗ്രൗണ്ടില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സ് പൊലീസ് നിര്‍ത്തി വെപ്പിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!