ഇൻ്റർവ്യൂ ചെയ്യാനെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ സൗദി യുവതിയുടെ പരാതി, പരാതി വ്യാജമെന്ന് വ്ളോഗർ
കൊച്ചി: വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പൊലീസ് കേസ് എടുത്തു. 29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ പതിമൂന്നിനായിരുന്നു സംഭവം.
354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചും സമൂഹ മാധ്യമങ്ങളില്‍ വീഡിയോസ് പോസ്റ്റ് ചെയ്താണ് മല്ലു ട്രാവലര്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ആഡംബര വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് ഓടിച്ച് നോക്കി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോകളാണ് മല്ലു ട്രാവലറെ പ്രശസ്തനാക്കിയത്.
അതേ സമയം സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ ഷക്കീര്‍ സുബാന്‍ രംഗത്തെത്തി. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ പറഞ്ഞു.
”എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.”-ഷക്കീര്‍ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക