സഹതടവുകാരുടെ പരാതി: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന കേസിലെ പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്.

എന്നാൽ, ജയിൽ സൂപ്രണ്ട് ഇക്കാര്യം നിഷേധിച്ചു. ജയിലിൽ ആളുകൾ കൂടുമ്പോൾ പഴയ തടവുകാരിൽ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്ക്കൊപ്പം 3 പേരെയും മറ്റു ജയിലുകളിലേക്ക് മാറ്റിയതായും സൂപ്രണ്ട് പറഞ്ഞു. ചിലരെ അവരുടെ അഭ്യർഥന പ്രകാരമാണ് മാറ്റിയത്. മറ്റു ജയിലുകളിലുണ്ടായിരുന്നവരെ അട്ടകുളങ്ങരയിലേക്കും മാറ്റിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതിയാണ്. സൈനിക ഉദ്യോഗസ്ഥനാ മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്. അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർ പിന്നീട് ജാമ്യത്തിലിറങ്ങി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!