നിപ: കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും
നിപ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അടുത്ത ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
വെള്ളിയാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂപ്പ് മാപ്പ് തയ്യാറാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആറ് പോസിറ്റീവ് കേസുകളും 83 നെഗറ്റീവ് കേസുകളുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതേസമയം അതിവ്യാപനമുണ്ടായ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
1080 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 122 പേര്‍ ഹൈ റിസ്‌കില്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരാണ്. മലപ്പുറം ജില്ലയില്‍ 22 പേരും കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുപേരും വയനാട്ടില്‍ ഒരാളും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധിക്കും. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതില്‍ ആദ്യം മരിച്ച ആളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞും ഉള്‍പ്പെടുന്നു. 10714 വീടുകളിലാണ് ഇന്ന് സര്‍വേ നടത്തിയത്. മുപ്പതിന് മരിച്ച വ്യക്തിയില്‍നിന്നാണ് കൂടുതല്‍ ആളുകളിലേക്ക് രോഗമെത്തിയതെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീടാണ് സംഘം സന്ദർശിച്ചത്.
വവ്വാൽ സർവേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. വീടും പരിസരത്തിനും പുറമെ മരണപ്പെട്ട വ്യക്തിയുടെ ബന്ധുവീടും അദ്ദേഹം പോയിരിക്കാൻ സാധ്യതയുള്ള സമീപത്തെ പ്രദേശങ്ങളും സംഘം സന്ദർശിച്ചു.
സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റ് വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.
കോഴിക്കോട് ബീച്ചിലെത്തിയ ആളുകളെ മുൻകരുതൽ നടപടികളുടെ ഭാഗമായി പോലീസ് ഒഴിപ്പിച്ചു. വരുംദിവസങ്ങളിൽ ജനങ്ങൾ ബീച്ചിലേക്കെത്തുന്നത് തടയുമെന്നും പോലീസ് അറിയിച്ചു.
ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിൽ മോട്ടോർ വാഹന വകുപ്പും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വകുപ്പിന് കീഴിലുളള ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്കുളള അപേക്ഷകളുടെ എണ്ണം 25 ആയി നിജപ്പെടുത്തിയതായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക