‘സ്പീക്കറെ മാറ്റുമെന്നത് അടിസ്ഥാനരഹിതം’ – ഇ.പി.ജയരാജൻ; ഞാനും ടിവിയിലാണ് കണ്ടതെന്ന് ഷംസീർ

മന്ത്രിസഭാ പുനഃസംഘടന പാർട്ടിയോ മുന്നണിയോ ചർച്ച ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ‘‘ഞങ്ങൾക്കാർക്കും അറിയാത്ത വാർത്തയാണിത്. ഇതു സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണ്. ഇടതുപക്ഷ മുന്നണിയോ, മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയോ സിപിഎമ്മോ ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലാത്ത വിഷയമാണിത്. 4 പാർട്ടികൾക്ക് പകുതിസമയം എന്ന ധാരണ മുന്നണിയിലുണ്ട്. ആ ധാരണയ്ക്കനുസരിച്ചാണു മുന്നണി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ മുൻപിൽ ഗണേഷ്കുമാർ മന്ത്രിയാകാതിരിക്കത്തക്ക പ്രശ്നങ്ങളൊന്നും ഇല്ല. സ്പീക്കറെ മാറ്റുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അദ്ദേഹം സ്പീക്കർ ആയിട്ട് ഒരു വർഷമല്ലേ ആയിട്ടുള്ളൂ. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം നവംബറിൽ നടക്കുന്ന പുനഃസംഘടനയിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ മൗനം പാലിച്ച് സ്പീക്കർ എ.എൻ.ഷംസീർ. മന്ത്രിസഭയിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകളെക്കുറിച്ച് തുടർ ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും, തനിക്ക് ഒന്നുമറിയില്ലെന്നു വ്യക്തമാക്കി അദ്ദേഹം ഒഴിഞ്ഞുമാറി. എല്ലാവരെയും പോലെ ടിവിയിൽ കണ്ടുള്ള വിവരം മാത്രമേ ഇക്കാര്യത്തിൽ തനിക്കും ഉള്ളൂവെന്നും ഷംസീർ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളെ അവഗണിച്ച അദ്ദേഹം, വാഹനത്തിൽ കയറിപ്പോയി.

‘‘അതേക്കുറിച്ച് എനിക്കും അറിയില്ല. നിങ്ങളെപ്പോലെ ടിവിയിൽ കണ്ടുള്ള വിവരം മാത്രമേ എനിക്കുമുള്ളൂ. സോറി. ഗസ്റ്റ് ഹൗസിൽനിന്ന് ടിവിയിൽ കണ്ടാണ് ഞാനും അറിഞ്ഞത്’’ – ഇതായിരുന്നു ഷംസീറിന്റെ മറുപടി.

മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടല്ലോ എന്ന് ആവർത്തിച്ചു ചോദിച്ചെങ്കിലും, ‘നോ കമന്റ്സ്’ എന്ന പ്രതികരണത്തിൽ അദ്ദേഹം മറുപടി ഒതുക്കി. ആന്റണി രാജു ഉൾപ്പെടെയുള്ളവർ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പ്രതികരിച്ചല്ലോ എന്നു ചോദിച്ചെങ്കിലും, ഷംസീർ പ്രതികരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.

നവംബറിൽ നടക്കുന്ന പുനഃസംഘടനയിൽ ഷംസീറിനെ മന്ത്രിസഭയിലേക്കു പരിഗണിക്കുന്നുവെന്ന സൂചനകൾ ശക്തമാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്കു മാറ്റി ഷംസീറിന് ആരോഗ്യ വകുപ്പ് നൽകാനാണ് നീക്കമെന്നാണു വിവരം. അതേസമയം, ഇത്തരം കാര്യങ്ങളൊന്നും മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ്റെ പ്രതികരണം.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!