നിപ: ഇന്നലെ പരിശോധനക്കയച്ച 11 സാംപിളുകളുടെ ഫലം നെഗറ്റീവ്‌; 950 പേർ സമ്പർക്കപട്ടികയിൽ, ആരാധനാലയങ്ങളിലുൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കി

ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും.

നാളെ മുതൽ ഫീൽഡ് പരിശോധനകൾ നടത്തും. ചെന്നൈയിൽനിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിൾ ശേഖരണം തുടങ്ങും. തിരുവള്ളൂര്‍ പഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പൊലീസും രംഗത്തിറങ്ങും. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനായി പൊലീസിന്റെ സഹായം തേടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനമുണ്ടായത്. ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി.

ഓഗസ്റ്റ് 29ന് പുലർച്ചെ 2.15 മുതൽ 3.45 വരെ ഇഖ്റ ആശുപത്രിയിലെത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.

കൺട്രോൾ റൂം നമ്പറുകൾ : 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100

നിപ്പ ആശങ്കകൾ പരിഹരിക്കാനായി തുറന്ന കോൾ സെന്ററിൽ ഇന്നലെ വന്നത് 177 ഫോൺകോളുകൾ. ഇതോടെ ഇതുവരെ 503 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. 153 പേർക്കാണ് മാനസിക പിന്തുണ നൽകിയത്.

 

അതേസമയം കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിർദേശം. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി. കൺടെയ്ൻമെന്റ് സോണിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനും നിർദേശം.

ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ് മാളുകളിൽ പോകുന്നതിനും നിയന്ത്രണം. ജില്ലയിൽ കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവച്ചു. പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമാകും. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ഒരു കൂട്ടിരിപ്പുകാരന് മാത്രമാകും ആശുപത്രികളിൽ അനുമതി. പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റിവയ്‌ക്കണമെന്നും കലക്‌ടർ നിർദേശിച്ചിട്ടുണ്ട്.

അതേസമയം നിപ്പ പ്രതിരോധത്തോടനുബന്ധിച്ച് സർവ്വകക്ഷിയോഗം വെള്ളിയാഴ്ച നടക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രാവിലെ 11നാണ് യോഗം. രോഗബാധിത ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുക്കും.

 

നിർദേശങ്ങൾ ഇവയെല്ലാം

∙ഒരു തരത്തിലുള്ള കൂടിച്ചേരലുകൾ ആരാധനാലയങ്ങളിൽ ഉൾപ്പെടെ അനുവദിക്കില്ല. യോഗങ്ങൾ, പൊതുപരിപാടികൾ എന്നിവ അനുവദിക്കില്ല

∙ ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. രോഗികൾക്കൊപ്പം ഒരു കൂട്ടിരിപ്പുകാരൻ മാത്രം

∙ കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവെക്കണം

∙ കണ്ടെയ്ൻമെന്റ് സോണിലെ സർക്കാർ ഓഫീസ് ജീവനക്കാർക്ക് മേലധികാരികൾക്ക് വർക്ക് ഫ്രം ഹോം  സംവിധാനം ഒരുക്കണം. കൺടെയ്ൻമെന്റ് സോണിൽ താമസിക്കുന്നവർക്കും മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുമാകും വർക്ക് ഫ്രം ഹോമിന് അർഹത

∙പ്രദേശങ്ങളിൽ നിയന്ത്രിതമായ രീതിയിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗിക്കാം. ഇവർക്ക് തിരിച്ചറിയൽ കാർഡ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽനിന്ന് ലഭ്യമാക്കും. ഇതിനായി സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് കൈമാറണം

∙ പ്രദേശത്തെ പൊതുപാർക്കുകൾ, ബീച്ചുകളിൽ എന്നിവടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല

∙മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണവും. ബോധവത്കരണവും ശക്തമാക്കണം. പന്നി ഫാമുകൾ, വവ്വാലുകൾ താവളമാക്കുന്ന കെട്ടിടങ്ങൾ, പ്രദേശങ്ങള്‍ എന്നിവ കർശനമായി പരിശോധിക്കണം

∙ വാവ്വലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതും വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയണം

∙ പന്നി വളർത്തുകേന്ദ്രങ്ങളിൽ പന്നികൾക്ക് രേഗ ലക്ഷണങ്ങൾ കാണുകയോ, അസാധാരണമായി മരണ നിരക്ക് ഉയരുകയോ ചെയ്താൽ അടുത്തുള്ള മൃഗാശുപത്രികളിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം

∙ വവ്വാലുകളും, പന്നികളും ഉൾപ്പെടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്‌പർശിക്കാൻ പാടില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!