നിപ സംശയത്തിൽ നാല് പേർ ചികിത്സയിൽ: സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍, കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറക്കും, അതീവ ജാഗ്രത നിർദേശമെന്ന് മന്ത്രി

കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലുപേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിൽ ഉള്ളത്. ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പനിവിവരം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമാണ് ആണ് എല്ലാം. ഹൈ റിസ്കിലും ഇവർ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ നിപ സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായും അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം വരുന്നതുവരെ ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈകിട്ടോടെ ഫലം ലഭിക്കുമെന്നാണു കരുതുന്നത്. ജില്ലയില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2021ല്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണു നടപടികള്‍ സ്വീകരിക്കുന്നത്. വൈകിട്ട് ആറുമണിയോടെ മന്ത്രി മുഹമ്മദ് റിയാസും മറ്റു ജനപ്രതിനിധികളും എത്തും. ഇതിനു ശേഷം എല്ലാ വകുപ്പുകളുടെയും യോഗം ചേരും.

മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.  രണ്ടു മണിക്കു കുറ്റ്യാടിയില്‍ പ്രത്യേക യോഗം ചേരും. നിപ്പ ബാധിതരെന്നു സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. 16 കോർ കമ്മിറ്റികൾ രൂപീകരിച്ച് 16 ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ, ജാഗ്രതാ പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇടപെടലുകൾ നടന്നു വരുന്നു. വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരും- മന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!