സൗജന്യമായി ആധാർ അപ്ഡേറ്റു ചെയ്യാനുള്ള തീയതി നീട്ടി; സ്വന്തമായി ചെയ്യാനുളള നടപടിക്രമങ്ങൾ അറിയാം
സെപ്തംബർ 14 വരെ ആധാർകാർഡ് വിവരങ്ങളുടെ അപ്ഡേഷനും വിശദാംശങ്ങൾ ചേർക്കലും തിരുത്തലുമൊക്കെ സൗജന്യമായി ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവസരമൊരുക്കിയിരുന്നു. തീയതി കഴിയാറായെന്നു കരുതി ഇനി തിരക്കുകൂട്ടേണ്ട കാര്യമില്ല.ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി ഡിസംബര്‍ 14 വരെ നീട്ടി.
നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയിരുന്നത്. നല്ല പ്രതികരണം ലഭിച്ചതിനാൽ ആധാറിലെ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബർ 14വരെ സൗജന്യം സേവനം നീട്ടിയെന്നു ഔദ്യോഗിക വിശദീകരണക്കുറിപ്പിൽ യുഐഡിഎഐ അറിയിച്ചു.
https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. നേരിട്ടു ചെയ്യുകയാണെങ്കിൽ സൗജന്യമാണ്. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ചെയ്യുന്നതിന് 50 രൂപ നൽകണം. 1 0 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ആധാർ വിവരശേഖരത്തിന്റെ കൃത്യത വർധിപ്പിക്കുകയാണ് ലക്ഷ്യം.
സർക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കെല്ലാം ആധാർ ആവശ്യമാണ്. ഭാവിയിൽ എല്ലാ രേഖകളും ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കുന്ന സാഹചര്യമുണ്ടാകുകയാണെങ്കിൽ അപ്ഡേറ്റഡ് ആയിരിക്കേണ്ടതും ആവശ്യമാണ്.
വിലാസം തിരുത്തണമെങ്കിൽ
ആധാർ വിശദാംശങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
∙യുഐഡിഎഐ വെബ്‌സൈറ്റിലേക്ക് പോകുക https://myaadhaar.uidai.gov.in/
∙”ആധാർ അപ്ഡേറ്റ്” ടാബിൽ ക്ലിക്ക് ചെയ്യുക.
∙ ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക.
∙ ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് “വിലാസം” ഓപ്ഷൻ തിരഞ്ഞെടുക്കുക.
∙ പുതിയ വിലാസവും അനുബന്ധ രേഖകളും നൽകുക.
∙”സമർപ്പിക്കുക” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
∙ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP ലഭിക്കും. OTP നൽകി “Verify” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
∙ ആധാർ വിലാസം അപ്‌ഡേറ്റ് അഭ്യർത്ഥന പ്രോസസ്സ് ചെയ്യുകയും SMS വഴി സ്റ്റാറ്റസ് നിങ്ങളെ അറിയിക്കുകയും ചെയ്യും.
∙ ആവശ്യമെങ്കിൽ പുതിയ കാര്‍ഡ് പ്രിന്റെ ചെയ്യാനുള്ള അഭ്യർഥനയും നൽകാം(ചാർജ് ഉണ്ടായിരിക്കും)
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക