ഗൂഢാലോചന നടന്നുവെന്ന രേഖ സര്‍ക്കാരിൻ്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി; 50 ലക്ഷം വാങ്ങി പരാതിക്കാരിയുടെ കത്ത് ചാനലിന് വിറ്റു, സോളറില്‍ ചര്‍ച്ച ഉച്ചക്ക്
സോളാർ ഗൂഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസിൽ സഭ നിർത്തിവച്ച് ഒരുമണിക്കു ചർച്ച നടത്തും. ഗൂഢാലോചന നടന്നു എന്ന രേഖ സർക്കാരിന്റെ പക്കലില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവു മാത്രമാണുള്ളതെന്നും വിഷയത്തിൽ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരം അന്വേഷണം സിബിഐയെ ഏൽപ്പിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സോളാർ ലൈംഗികാരോപണക്കേസിൽ പരാതിക്കാരിയുടെ ലക്ഷ്യം പണമാണെന്ന് സി.ബി.ഐ. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരിയിൽനിന്ന് ഈ കത്ത് ടി.ജി. നന്ദകുമാർ സ്വന്തമാക്കിയത് 50 ലക്ഷം രൂപ നൽകിയാണന്ന് ശരണ്യ മനോജ് മൊഴി നൽകിയതായി സി.ബി.ഐ. റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ജയിലിൽെവച്ച് എഴുതിയ കത്ത് ആദ്യം കൈക്കലാക്കിയത് മനോജാണെന്നും സി.ബി.ഐ. റിപ്പോർട്ടിലുണ്ട്.
പിന്നീട് ഈ കത്ത് നന്ദകുമാറിന് നൽകാൻ പരാതിക്കാരി മനോജിനോട് നിർദേശിച്ചു. അദ്ദേഹം അത് നൽകുകയും ചെയ്തു. എന്നാൽ, കത്ത് കൈമാറുംമുമ്പുതന്നെ പരാതിക്കാരി നന്ദകുമാറിൽനിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നതായി മനോജ് മൊഴി നൽകി. ഈ കത്ത് നന്ദകുമാർ 50 ലക്ഷം രൂപവാങ്ങി ഒരു വാർത്താചാനലിന് വിറ്റു. പിന്നീട് നന്ദകുമാർ എറണാകുളത്തുവെച്ച് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയതായും റിപ്പോർട്ടിലുണ്ട്.
ലൈംഗികാരോപണസംഭവത്തിൽ പരാതിക്കാരി പറയുന്നത് കളവാണെന്ന് ടീം സോളാർ കമ്പനിയുടെ മുൻ ജനറൽമാനേജരായിരുന്ന രാജശേഖരൻ നായരും സി.ബി.ഐ.ക്ക് മൊഴിനൽകി. പണത്തിനുവേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.
ഒന്നിനും ഒരു തെളിവുമില്ല
* സംഭവം നടന്നസമയത്ത് ധരിച്ചിരുന്നതെന്നുകാട്ടി പരാതിക്കാരി ഹാജരാക്കിയ സാരിയിൽ എന്തെങ്കിലും ശരീരസ്രവങ്ങളുടെ സാന്നിധ്യമുള്ളതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
* പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയെന്നുപറയുന്ന 2012 സെപ്റ്റംബർ 19-ന് അവരെ അവിടെ കണ്ടതായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല
* ക്ലിഫ്ഹൗസിൽെവച്ച് ലൈംഗികപീഡനം നടന്നുവെന്നതിന് പി.സി. ജോർജ് സാക്ഷിയല്ല. പരാതിക്കാരി പി.സി. ജോർജിന്റെ വീട്ടിലെത്തി കുറിപ്പ് നൽകിയത് ദുരുദ്ദേശ്യത്തോടെ.
* പരാതിക്കാരിക്ക് ഉമ്മൻചാണ്ടിയെ കാണാൻ അപ്പോയ്‌ൻമെന്റ് ലഭ്യമാക്കിയതായി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ട ടെന്നി ജോപ്പൻ മൊഴിനൽകിയിരുന്നു. എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് താൻ സാക്ഷിയായിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്.
*തനിക്കൊപ്പം ക്ലിഫ്ഹൗസിൽ എത്തിയെന്ന് പരാതിക്കാരി പറയുന്ന സന്ദീപ് സംഭവദിവസം ക്ലിഫ്ഹൗസിലെത്തിയിട്ടില്ല.
കോഴയാരോപണവും തള്ളി
കേരള സ്റ്റേറ്റ് റിന്യൂവബിൾ എനർജി പോളിസി നടപ്പാക്കാൻ ഉമ്മൻചാണ്ടി 1.90 കോടി രൂപ ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നുമുള്ള പരാതിക്കാരിയുടെ ആരോപണവും സി.ബി.ഐ. തള്ളി. ഈ ആരോപണത്തിനും തെളിവില്ലെന്നാണ് സി.ബി.ഐ. റിപ്പോർട്ട്. ക്ലിഫ്ഹൗസിൽ പോയതിനും ഡൽഹിയിൽ ഉമ്മൻചാണ്ടിക്കായി പണംനൽകിയതിനും സാക്ഷികളായെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയവരൊക്കെ സി.ബി.ഐ.ക്ക് നൽകിയത് എതിരായ മൊഴിയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക