വാഹനാപകടത്തില്‍ മകന്‍ മരിച്ചു; ഫേസ് ബുക്കിലൂടെ മരണവാർത്ത അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

നെടുമങ്ങാട്/പൂക്കോട്: ∙ വാഹനാപകടത്തില്‍ മകന്‍ മരിച്ച വിവരമറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് മുള്ളൂർക്കോണം ‘അറഫ’യിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല എംവിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ഥിയായ സജിന് (28) ഇന്നലെ വൈകിട്ട് സര്‍വകലാശാല ക്യാംപസിലുണ്ടായ വാഹനപകടത്തിൽ പരുക്കേറ്റിരുന്നു.

വിവരമറിഞ്ഞു വയനാട്ടിലേക്കു ബന്ധുക്കള്‍ക്കൊപ്പം തിരിച്ചതാണു ഷീജ. രാത്രി വൈകി സജിന്‍ മരിച്ച വിവരമറിഞ്ഞു ബന്ധുക്കള്‍ ഷീജയെ വീട്ടില്‍ തിരിച്ചെത്തിച്ചു. ശേഷം ബന്ധുക്കൾ വയനാട്ടിലേക്കു യാത്ര തുടര്‍ന്നു. എന്നാൽ മരണ വാർത്ത ഷീജയെ അറിയിച്ചിരുന്നില്ല. രാത്രിയോടെ മകന്റെ മരണവാർത്ത ഫേസ് ബുക്കിലൂടെ അറിഞ്ഞ ഷീജ, ബന്ധു വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ.

അപകടമുണ്ടാക്കിയ വാഹനം വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളൂര്‍കോണം ഗവ. എല്‍പിഎസ് അധ്യാപികയാണ് ഷീജ. ഭര്‍ത്താവ് റിട്ട. റേഞ്ച് ഓഫിസര്‍ സുലൈമാന്‍. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share