പ്രവാസി മലയാളിയെ ഒഴിഞ്ഞ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി

ബഹ്‌റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി കോലന്‍ഞാട്ടു വേലായുധന്‍ ജയനെ (46) ആണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതല്‍ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തത് കാരണം നാട്ടില്‍ നിന്ന് ബന്ധുക്കള്‍ വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടയുടെ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തി. എന്നാൽ അതിനകത്ത് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സമീപവാസികള്‍ നിലവിലെ താമസസ്ഥലത്ത് നോക്കിയെങ്കിലും അവിടെയും കണ്ടെത്താനായില്ല.

ഇതോടെ സ്‌പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഇദ്ദേഹം മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന ഒഴിഞ്ഞ ഫ്‌ളാറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ അമൃതയും മകനും ഇപ്പോള്‍ നാട്ടിലാണ്. ബഹ്‌റൈൻ കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈനും സ്‌പോണ്‍സറും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
Share