നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി, ശിആർ ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു; റമദാനിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് തീ പിടിച്ചതിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത് – വീഡിയോ

സൌദിയിലെ അസീർ പ്രവിശ്യയിൽ അഖബ ശിആർ ചുരം റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച മുതൽ പൂർണതോതിൽ ഗതാഗതം പുനരാരംഭിച്ചു.  40 വർഷത്തിനിടയിലെ  ഏറ്റവും വലിയ നവീകരണവും അറ്റകുറ്റപണികളുമാണ് ഇവിടെ പൂർത്തിയാക്കിയത്. കഴിഞ്ഞ നാല് മാസമായി ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടന്ന് വരികയായിരുന്നു. സുരക്ഷയും ഗുണനിലാവരവും വർധിപ്പിച്ചുകൊണ്ടായിരുന്നു നവീകരണം.

34 കിലോമീറ്റർ ദൈർഘ്യത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. ഇതിൽ 14 കിലോമീറ്റർ ചുരത്തിലും 20 കിലോമീറ്റർ സിംഗിൾ റോഡിലുമാണ്. 220 മീറ്റർ നീളത്തിൽ ഡിവൈഡറുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു.  തുരങ്കങ്ങൾ നന്നാക്കിയ ശേഷം പെയിൻറ് ചെയ്തു. കൂടാതെ  തുരങ്കങ്ങൾക്കുള്ളിൽ 7,000 മീറ്റർ നീളമുള്ള എക്സ്പാൻഷൻ ജോയിൻറുകൾ സ്ഥാപിക്കുകയും ചെയ്തു. സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ആധുനിക ലൈറ്റിങ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

 

 

800 മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും സുരക്ഷ വർധിപ്പിക്കുന്നതിനായി  തുരങ്കങ്ങൾക്കുള്ളിൽ 14 കിലോമീറ്റർ നീളമുള്ള ചുമരുകളിൽ റിഫ്ലക്ടറുകളും 34 കിലോമീറ്റർ നീളത്തിൽ റോഡിലുടനീളം റിഫ്ലക്ടർ ഗ്രൗണ്ട് മാർക്കുകളും സ്ഥാപിച്ചു.

20 കിലോമീറ്റർ ദൈർഘ്യത്തിൽ പാതയിരട്ടിപ്പിക്കുന്ന പദ്ധതി 2026 ഫെബ്രുവരിയോട പൂർത്തിയാക്കാനാണ് തീരുമാനം. കൂടാതെ മഹായിൽ ഗവർണറേറ്റ് ഭാഗത്തേക്കുള്ള റോഡിൻ്റെ മൂന്നാം ഘട്ടത്തിലെ വികസനം അടുത്ത ഫെബ്രൂവരിയോടെ പൂർത്തിയാക്കുമെന്നും അസീർ പ്രവിശ്യാ വികസന അതോറിറ്റിയും റോഡ്‌ അതോറിറ്റിയും വ്യക്തമാക്കി.

ഇക്കഴിഞ്ഞ റമദാനിൽ (മാർച്ച് 27ന്) ഖമീസ് മുഷൈത്തിൽ നിന്ന് ഉംറ തീർഥാടകരുമായി മക്കയിലേക്ക് പുറപ്പെട്ട ബസ് അബഹ-മഹായിൽ റോഡിലെ ഷിആർ ചുരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. ഇവിടെ വെച്ച് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ 21 ഉംറ തീർഥാടകർ ദാരുണമായി മരിക്കുകയും 29 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടത്തെ തുടർന്നാണ് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

 

 

റമദാനിൽ നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങൾ കാണാം..

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!