ലോഗോ പ്രകാശനം ഇന്ന്, സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ, കണ്‍വീനറായി ഖാര്‍ഗെ; തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ‘ഇന്ത്യ’ സഖ്യവും
ഭരണകക്ഷിയായ എന്‍.ഡി.എയെ വീഴ്ത്തി അധികാരത്തിലെത്താന്‍ അടിയും തടയുമായി പ്രതിപക്ഷ ഐക്യം ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ്). വ്യാഴാഴ്ച വൈകുന്നേരം മുംബൈയില്‍ ആരംഭിച്ച മൂന്നാമത് ഇന്ത്യ യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യ സഖ്യത്തിന്റെ ലോഗോ ഇന്ന് (വെള്ളിയാഴ്ച) പുറത്തിറക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ഏക സിവില്‍ കോഡ്, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തിന്റെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ മറ്റ് പാര്‍ട്ടികള്‍ ഇതിനെ എതിര്‍ത്തില്ലെന്നാണ് വിവരം. പ്രാദേശിക പാര്‍ട്ടി നേതാക്കന്മാര്‍ ഉള്‍പ്പെടുന്ന 11 അംഗ സമിതിയ്ക്ക് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇത് കൂടാതെ പ്രാദേശിക-സംസ്ഥാന അടിസ്ഥാനത്തിലും സമിതികള്‍ രൂപവത്കരിക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. പരസ്പരം സഹകരിച്ചാകും ഈ സമിതികള്‍ പ്രവര്‍ത്തിക്കുക. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത് ഹോട്ടലിലാണ് ഇന്ത്യ സഖ്യത്തിന്റെ യോഗം നടക്കുന്നത്.
പൊതു മിനിമം അജണ്ട, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരെ നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിന്റെ മറ്റ് പ്രധാന അജണ്ടകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 28 പാര്‍ട്ടികളില്‍നിന്ന് 63 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ചെറുപാര്‍ട്ടികള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കാന്‍ സഖ്യം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു തന്ത്രം ആവിഷ്‌കരിക്കല്‍, മീഡിയാ മാനേജ്‌മെന്റ് തുടങ്ങിയവയ്ക്കുള്ള സമിതികളില്‍ ഇവരെ ഉള്‍പ്പെടുത്തും. വെള്ളിയാഴ്ച 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിന് പിന്നാലെ സഖ്യത്തിലെ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത പ്രസ്താവന നടത്തും.
കര്‍ണാടക, ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്ത ക്ഷേമപദ്ധതികളുടെ മാതൃകകകള്‍ സ്വീകരിക്കും, പണപ്പെരുപ്പം നിയന്ത്രിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, പാവപ്പെട്ട സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, എസ്.സി.- എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകക്ഷേമപദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇന്ത്യ സഖ്യം മുന്നോട്ടുവെക്കുന്നത് എന്നാണ് വിവരം.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന (യു.ബി.ടി.) അധ്യക്ഷന്‍ ഉദ്ധവ് താക്കറേ, നിതീഷ് കുമാര്‍. ലാലു പ്രസാദ് യാദവ്, മമതാ ബാനര്‍ജി, എം.കെ. സ്റ്റാലിന്‍, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പൊതു തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം അതിവേഗം തീരുമാനിക്കാന്‍ എ.എ.പി. കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും എസ്.പി. നേതാവ് രാം ഗോപാല്‍ യാദവും ആവശ്യപ്പെട്ടുവെന്നാണ് വിവരം. സീറ്റ് പങ്കുവെക്കല്‍ ഫോര്‍മുല സെപ്റ്റംബര്‍ 30-നകം ആവിഷ്‌കരിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുമെന്ന് പാര്‍ലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യാഴാഴ്ച അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് ഒരു അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സഖ്യം ആവിഷ്‌കരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക