വീണ്ടും ട്വിസ്റ്റ്; ‘പൊലീസ് പുറം അടിച്ചുകലക്കി, പിന്നെ പെപ്പർ സ്പ്രേ, പച്ചത്തെറി; നൗഷാദിനെ കൊന്നെന്ന് സമ്മതിപ്പിച്ചതാണ്’, പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അഫ്സാന

പത്തനംതിട്ട: ഒന്നര വർഷം മുൻപു പത്തനംതിട്ടയിൽനിന്നു കാണാതായശേഷം തൊടുപുഴയിലെ തൊമ്മൻകുത്തിൽനിന്നു നൗഷാദിനെ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഫ്സാന. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് അഫ്സാന മാധ്യമങ്ങളോടു പറഞ്ഞു. നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയെന്ന മൊഴിക്കു പിന്നാലെ അഫ്സാനയെ അറസ്റ്റ് ചെയ്തിരുന്നു. നൗഷാദിനെ ജീവനോടെ കണ്ടെത്തിയതോടെ അഫ്സാനയ്ക്കു ജാമ്യം ലഭിച്ചു. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി ഇവർ രംഗത്തെത്തിയത്.

‘‘കസ്റ്റഡിയിലിരിക്കെ വനിതാ പൊലീസ് ഉൾപ്പെടെ ക്രൂരമായി മർദിച്ചു. നല്ലപോലെ എന്നെ ദേഹം നോവിച്ചു. ഞാൻ ഇങ്ങനെ അടി കൊണ്ടിട്ടില്ല. എന്റെ പുറം ഒക്കെ അടിച്ചുകലക്കി. എനിക്ക് ഒരുപാട് നേരം നിൽക്കാൻ വയ്യ. നൗഷാദിന് എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ എനിക്കറിയില്ലെന്നു പറഞ്ഞു. അതിനുശേഷം അവർ പറഞ്ഞത് മാത്രമാണ് ഞാൻ ചെയ്തത്. എന്റെ രണ്ടു കുഞ്ഞുങ്ങളെ പോലും കാണിക്കില്ലെന്നു പറഞ്ഞപ്പോഴാണ് കൊന്നെന്നു സമ്മതിച്ചത്. വാപ്പയെ പ്രതിചേർക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു. എനിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഇപ്പോഴാണ് അറിയുന്നത്.

വാ‍ർത്തകൾ കേട്ടപ്പോഴാണ് അവിടെ കൊണ്ടുപോയത് ഈ കുറ്റങ്ങൾ ചാർത്താനാണെന്ന് മനസ്സിലായത്. രണ്ടു ദിവസം ഭക്ഷണം തന്നില്ല, വെള്ളം കിട്ടിയില്ല, ഉറങ്ങാൻ സമ്മതിച്ചില്ല. പൊലീസുകാർ മുഖത്തുനോക്കി പച്ചത്തെറിയാണ് വിളിച്ചിരുന്നത്. വനിതാ പൊലീസും ഉയർന്ന പൊലീസുകാരടക്കം അടിച്ചു. മുറിവുകൾ പുറത്തുകാണിക്കാൻ പോലും പറ്റില്ല. വായിലേക്ക് പെപ്പർ സ്പ്രേ പ്രയോ​ഗിച്ചു. ഇല്ലാത്ത കാര്യങ്ങളെല്ലാം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. പൊലീസ് പറയുന്നിടത്ത് കൂടെച്ചെല്ലണമെന്നായിരുന്നു അവരുടെ ആവശ്യം. രാത്രി മുഴുവൻ വാഹനത്തിൽ കറക്കി പുല‍ർച്ചെ മൂന്ന് മണിക്കാണ് എന്നെ സ്റ്റേഷനിൽ കൊണ്ടുവന്നത്.

ഉറങ്ങരുതെന്നും ഉറങ്ങിയാൽ അടിക്കണമെന്നും പറഞ്ഞേൽപ്പിച്ചിരുന്നു. അങ്ങനെ കുറെ അടികൊണ്ടു. വേദന സഹിക്കാനാകാത്തത് കൊണ്ടാണ് കൊന്നെന്നു സമ്മതിച്ചത്. പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചത്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും.’’– അഫ്സാന പറഞ്ഞു. നൗഷാദിനു മാനസിക വെല്ലുവിളി ഉണ്ടായിരുന്നെന്നും അഫ്സാന പറഞ്ഞു. താൻ നൗഷാദിനെ മർദിച്ചു എന്നതാണ് കളവാണ്. നാടുവിടാൻ കാരണമെന്താണെന്ന് അറിയില്ല. നൗഷാദ് മദ്യപിച്ച് തന്നെയും കുട്ടികളെയും നിരന്തരം മർദിച്ചിരുന്നെന്നും അഫ്സാന പറഞ്ഞു.

2021 നവംബറിലാണ് നൗഷാദിനെ കാണാതാകുന്നത്. പിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം, തുടരന്വേഷണത്തിനിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ്, ഭർത്താവിനെ താൻ കൊന്നുകുഴിച്ചിട്ടെന്ന് അഫ്സാന ‘സമ്മതിച്ചത്’. ഇതിന്റെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് വ്യാഴാഴ്ച ഇവർ വാടകയ്ക്കു താമസിച്ചിരുന്ന അടൂർ പരുത്തിപാറയിലെ വീട്ടിലും പരിസരത്തും തറ കുഴിച്ചും സമീപത്തെ സെമിത്തേരിയിലെ കല്ലറ തുറന്നും പരിശോധിച്ചെങ്കിലും തെളിവുകൾ ലഭിച്ചില്ല.

കബളിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വ്യാഴാഴ്ച അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകി വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണു നൗഷാദ് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചത്. ഇടുക്കി തൊമ്മൻകുത്തിലെ ജോലിസ്ഥലത്തുനിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. അഫ്സാനയ്ക്കെതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസിനെ കബളിപ്പിച്ചുവെന്ന കേസ് നിലനിൽക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!