വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു; മൂന്ന് ശസ്ത്രക്രിയകള്‍, എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ പ്രവാസി മലയാളി
റിയാദ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മലയാളി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയിൽ. ഒരു മാസം മുമ്പ് ജുബൈലിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ എറണാകുളം കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയിൽ ഫൈസൽ ആണ് ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗതിൽ കഴിയുന്നത്. സ്ട്രച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവർത്തകർ ആരംഭിച്ചു.
ജൂൺ 21 ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാൻസ്പോർട്ട് കമ്പനിയിൽ ഏഴ് മാസം മുമ്പാണ് ട്രെയിലർ ഡ്രൈവറായി ഫൈസൽ എത്തിയത്. റിയാദിൽ നിന്ന്ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിന്‍റെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം. ഇരുട്ടിൽ, യാതൊരു അടയാളവും ഇല്ലാതിരുന്നതിനാൽ വാഹനം നിർത്തിയിട്ടിരുന്നത് കാണാൻ സാധിക്കാത്തതാണ് അപകട കാരണം.
വലത്തേ കാലിനും നാടുവിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ റെഡ് ക്രസൻറാണ് ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഇടുപ്പിന് സങ്കീർണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ നില അൽപം മെച്ചപ്പെടും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. പിതാവ് നഷ്ടപ്പെട്ട ൈഫസൽ മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍റെ അത്താണിയാണ്.
അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങൾക്ക് 32,000 റിയാൽ നഷ്ടപരിഹാരം ഫൈസൽ നൽകണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവർത്തകർ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയക്കാൻ പോലും ഇദ്ദേഹം തയ്യാറാകുന്നില്ല. ഗോസി ഇൻഷുറൻസ് മുഖേനെയാണ് ഇത്രയും ചികിത്സ നടന്നത്. അതിന്‍റെ പരിധി കഴിഞ്ഞതോടെ അതും അവസാനിച്ചിട്ടുണ്ട്. അടിയന്തരമായി വിദഗ്ധ ചികിത്സ നൽകിയില്ലെങ്കിൽ ഈ ചെറുപ്പക്കാരെൻറ ജീവിതം ചോദ്യ ചിഹ്നമാകും. നാട്ടിൽ കുടുംബം നോർക്കയെയും ജനപ്രതിനിധികളെയും ഇന്ത്യൻ എംബസിയെയും സഹായം തേടി സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം.
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273