ഭര്‍ത്താവിനെ കൊന്നതായി വെളിപ്പെടുത്തല്‍; കുഴിച്ചിട്ടത് എവിടെ? പോലീസിനെ വട്ടംകറക്കി യുവതി, പ്രദേശവാസിയായ മറ്റൊരു വീട്ടമ്മയും കസ്റ്റഡിയിൽ
പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദി (34) നെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ ഭാര്യ അഫ്‌സാനയെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. യുവതിയുടെ കുറ്റസമ്മത മൊഴിയനുസരിച്ചാണ് നടപടി.
അതേസമയം, കൊല്ലപ്പെട്ടെന്ന് പറയുന്ന നൗഷാദിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കുഴിച്ചിട്ട സ്ഥലം സംബന്ധിച്ച് യുവതി ഇടയ്ക്കിടെ മൊഴി മാറ്റുന്നതാണ് പോലീസിനെ കുഴപ്പിച്ചത്. ഏനാത്ത് പരുത്തിപ്പാറയിലെ വാടകവീടിന് സമീപം യുവതി കാണിച്ചുനല്‍കിയ സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ യുവതിയെ സ്ഥലത്തുനിന്ന് തിരികെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസിനെ കബളിപ്പിച്ചതിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരേ കേസെടുക്കുമെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി തന്നെ യുവതിയെ കോടതിയില്‍ ഹാജരാക്കും.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മറ്റൊരു വീട്ടമ്മയെയും വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൗഷാദ്-അഫ്‌സാന ദമ്പതിമാര്‍ക്ക് പരുത്തിപ്പാറയില്‍ വാടകവീട് സംഘടിപ്പിച്ച് നല്‍കിയ വീട്ടമ്മയാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍നിന്ന് കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം.
ഒന്നരവര്‍ഷം മുന്‍പാണ് നൗഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. 2021 നവംബര്‍ അഞ്ചാം തീയതി മുതല്‍ യുവാവിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നൗഷാദിനെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. അടുത്തിടെ ഭാര്യ അഫ്സാനയെ പോലീസ് വിശദമായി ചോദ്യംചെയ്തതാണ് കേസില്‍ വഴിത്തിരിവായത്.
ഒരുമാസം മുന്‍പ് അഫ്സാനയെ ചോദ്യംചെയ്തപ്പോള്‍ നൗഷാദിനെ താന്‍ അടുത്തിടെ നേരിട്ടുകണ്ടെന്നായിരുന്നു ഇവരുടെ മൊഴി. ഇതേത്തുടര്‍ന്ന് അഫ്സാന പറഞ്ഞ സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയെങ്കിലും നൗഷാദ് ഇവിടെവന്നതായുള്ള വിവരങ്ങള്‍ ലഭിച്ചില്ല. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കിട്ടിയില്ല. ഇതോടെ അഫ്സാനയെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഭര്‍ത്താവിനെ ഒന്നരവര്‍ഷം മുന്‍പ് കൊലപ്പെടുത്തിയതായി മൊഴി നല്‍കിയത്.
ദമ്പതിമാര്‍ നേരത്തെ താമസിച്ചിരുന്ന ഏനാത്ത് പരുത്തിപ്പാറയിലെ വാടകവീട്ടില്‍വെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു അഫ്സാന പോലീസിനോട് നടത്തിയ വെളിപ്പെടുത്തല്‍. അതേസമയം, യുവതി ഇടയ്ക്കിടെ മൊഴി മാറ്റിപ്പറഞ്ഞത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കി. മൃതദേഹം ഏനാത്തിന് സമീപം പുഴയില്‍ ഒഴുക്കിയെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. പിന്നാലെ പുഴയില്‍ ഒഴുക്കിയില്ല, വീടിന് സമീപത്തെ സെമിത്തേരിയോട് ചേര്‍ന്ന് കുഴിച്ചിട്ടെന്ന് മൊഴി നല്‍കി. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ ആദ്യം സെമിത്തേരി പരിസരത്താണ് പോലീസ് സംഘം പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
ഇതോടെ അഫ്സാനയെ വീണ്ടും ചോദ്യംചെയ്തു. വീടിന് പിറകില്‍ കുഴിച്ചിട്ടെന്നായിരുന്നു പിന്നീടുള്ള മൊഴി. പുരയിടത്തില്‍ അടുക്കളയ്ക്ക് സമീപത്തുള്ള സ്ഥലവും ചൂണ്ടിക്കാണിച്ചു. ഇവിടെ പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വീട്ടിനുള്ളിലെ അടുക്കളയുടെ തറപൊളിച്ചും സെപ്റ്റിക്ക് ടാങ്കിന്റെ മേല്‍മൂടി മാറ്റിയും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273
Pingback: ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ ഭാര്യ കൊന്നു കുഴിച്ചുമൂടിയതായി സംശയം; ഭാര്യ കസ്റ്റഡിയിൽ, കു