ഏഴ് മലയാളികളുൾപ്പെടെ 10 ഇന്ത്യൻ മത്സ്യ തൊഴിലാളികൾ ഇറാനിൽ ജയിലിലായിട്ട് 40 ദിവസം; സർക്കാർ ഇടപെടുന്നില്ലെന്ന് പരാതി
ഷാർജ: മലയാളികളുൾപ്പെടെ 11 മീൻ പിടിത്തക്കാർ ഇറാൻ ജയിലിലായിട്ട് 40 ദിവസമാകുന്നു. ജയിലിലായവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബങ്ങളറിയിച്ചു. ജൂൺ 18-നാണ് ഏഴ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഒരു ഇമിറാത്തിയും ഇറാൻ ജയിലിലായത്. അജ്മാനിൽ മീൻപിടിക്കുന്നതിനിടയിൽ കാറ്റിന് ദിശമാറി ബോട്ട് ഇറാൻ സമുദ്രാതിർത്തി കടന്നതിനാലാണ് ഇവർ ഇറാൻ അധികൃതരുടെ പിടിയിലായത്. ജയിലിൽ കഴിയുന്നവരെക്കുറിച്ച് വിവരങ്ങളൊന്നും അറിയാത്തതിനാൽ ഇവരുടെ കുടുംബങ്ങൾ ആശങ്കയിലാണ്.
തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശമായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ സാജു ജോർജ് (50), ആരോഗ്യരാജ് വർഗീസ് (43), സ്റ്റാൻലി വാഷിങ്ടൺ (43), ഡിക്സൺ ലോറൻസ് (46), ഡെന്നിസൺ പൗലോസ് (48), കൊല്ലം പരവൂർ സ്വദേശി ഷാഹുൽഹമീദ് ബദറുദ്ദീൻ (49), അടൂർ സ്വദേശി ഷംസീർ അബ്ദുൽ റഹ്മാൻ (49), തമിഴ്നാട് മധുര സ്വദേശി ജീവ റക്കു (22), നമ്പുതലൈ സ്വദേശികളായ പ്രദീശ്വരൻ പെരിയസ്വാമി (22), വസന്ത് അർപുത്കനി (23) എന്നിവരാണ് ജയിലിൽ കഴിയുന്നത്.
കൂട്ടത്തിൽ സാജു ജോർജ് ഒരുപ്രാവശ്യം ഫോണിൽ കുടുംബത്തെ വിളിച്ചതല്ലാതെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞില്ലെന്ന് മക്കളായ നീതുവും നിമിഷയും പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞുപോയതല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്.
മക്കളുടെ വിവാഹാവശ്യങ്ങൾക്കടക്കം വ്യക്തികളിൽനിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. പണം നൽകിയവർ തൊഴിലാളികൾ ജയിലാണെന്നറിഞ്ഞതോടെ കടബാധ്യതയുടെ പേരിൽ, വീടുകളിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും നീതു പറഞ്ഞു.
കുട്ടികൾക്ക് മരുന്നും ആഹാരവും നൽകാൻപോലും വഴികാണാനാവാതെ പ്രതിസന്ധിയിലാണ്. അടൂർ പ്രകാശ് എം.പി., നോർക്ക വൈസ് ചെയർമാൻ എന്നിവരോടെല്ലാം പരാതി പറഞ്ഞെങ്കിലും ഫലമൊന്നുമില്ലെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പറയുന്നത്.
കേന്ദ്രത്തിന്റെ മറുപടി തൃപ്തികരമല്ല – അടൂർ പ്രകാശ്
ഷാർജ : ഇറാൻ ജയിലിൽ കഴിയുന്ന മലയാളികളും തമിഴ്നാട് സ്വദേശികളുമടങ്ങുന്ന 10 മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ലോക്‌സഭയിൽ ഉന്നയിച്ചെങ്കിലും തൃപ്തികരമായ മറുപടിയല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അടൂർ പ്രകാശ് എം.പി.പറഞ്ഞു. ഇതുസംബന്ധിച്ച് സഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി ‘ആയിരക്കണക്കിന് ഇന്ത്യക്കാർ വിദേശത്ത് ജയിലുകളിൽ കഴിയുന്നുണ്ടെന്ന’ നിരുത്തരവാദപരമായ മറുപടിയാണ് വിദേശകാര്യ മന്ത്രിയിൽനിന്നും ഉണ്ടായതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ജയിലിലായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ അവസ്ഥ പരിതാപകരമാണ്, പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്രത്തിൽ കൂടുതൽ സമ്മർദം ചെലുത്തും. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആശ്വാസ നടപടികളൊന്നും ഉണ്ടായില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273