പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് നോട്ടിസ്; 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി

പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി ഷാജിക്ക് നിർദ്ദേശം നൽകി. കെ.എം.ഷാജിക്കെതിരായ കോഴക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്.

കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരെയുള്ള തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020ലാണ് വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. കെ.എം.ഷാജിയുടെ ഹർജിയിലായിരുന്നു എഫ്ഐആറിലെ തുടർ നടപടികൾ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. കെ.എം.ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്ഐആറിലോ അന്വേഷണത്തിൽ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്നു കോടതി പറഞ്ഞു. അതിനാൽ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ബാധകമാകില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി നടപടികൾ തുടരുന്നതിൽ കാര്യമില്ലെന്നു വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആണെന്നാണ് ഇതിനു സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌ നടത്തുകയും 47 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ഷാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!