ചൂടിൽ എരിഞ്ഞ് ഗൾഫ് രാജ്യങ്ങൾ; ഇനിയുള്ള 12 ദിവസങ്ങളിൽ പൊള്ളുന്ന ചൂടിനു സാധ്യത
സൗദിയിൽ വേനൽ ചൂട് വീണ്ടും ശക്തമാകുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പകൽ താപനില 48 ഡിഗ്രി വരെ ഉയർന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും വീശിയടിക്കുന്നുണ്ട്. ചൂടിന് ശമനമാകുന്നത് വരെ ഉച്ച സമയത്തെ യാത്ര ഒഴിവാക്കാൻ കാലാവസ്ഥ വിദഗ്ധർ നിർദേശം നൽകി.
കിഴക്കൻ പ്രവിശ്യ, മദീന, മക്ക, റിയാദ് പ്രവിശ്യകളിലാണ് ശക്തമായ വേനൽ ചൂട് അനുഭവപ്പെട്ടു വരുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പകൽ താപനില 48 ഡിഗ്രി വരെ ഉയർന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും അനുഭവപ്പെട്ടു വരുന്നുണ്ട്. കാറ്റനുഭവപ്പെടുന്ന ഉച്ച സമയങ്ങളിൽ യാത്രയും മരുഭൂമി വാസങ്ങളും ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥ വിദഗ്ദർ നിർദേശം നൽകി.
ഉയർന്ന താപനിലയിൽ വീശിയടിക്കുന്ന കാറ്റിൽ പൊടിപടലങ്ങളും വിഷവാതകങ്ങളും കൂടിയ തോതിൽ അടങ്ങിയിരിക്കും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും ഒപ്പം അപകടങ്ങൾക്കും കാരണമാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. എന്നാൽ അൽ ബാഹ, അൽ ഖസീം, അബഹ ഭാഗങ്ങളിൽ മഴയും കോടമഞ്ഞും അടങ്ങുന്ന തണുപ്പ് കാലവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ താപന നില 20നും 22നും ഇടയിലാണ് രേഖപ്പെടുത്തിയത്.
ഖത്തറിൽ ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് കാഠിന്യമേറും. അന്തരീക്ഷ ഈർപ്പം വർധിക്കും. ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശം. അൽ ഹനാ നക്ഷത്രത്തിന് ഇന്നലെ തുടക്കമായതോടെയാണ് കാലാവസ്ഥാ മാറ്റമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കഠിനമായ ചൂടും ഈർപ്പവുമാണ് ഇതിന്റെ പ്രത്യേകത. ഇനിയുള്ള 12 ദിവസങ്ങളിൽ പൊള്ളുന്ന ചൂടായിരിക്കും. പ്രത്യേകിച്ചും തീരപ്രദേശങ്ങളിൽ ഈർപ്പം കൂടും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നേരിയ മൂടൽമഞ്ഞിനും കാറ്റിന്റെ ശക്തി കുറയ്ക്കാനും ഇടയാക്കും. ഏതാനും ദിവസമായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
പുറം തൊഴിലാളികളുടെ വേനൽക്കാല ആരോഗ്യ സംരക്ഷണ നടപടികളുടെ ഭാഗമായി രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പുറം തൊഴിലുകൾക്ക് വിലക്കേർപ്പെടുത്തി. ബൈക്കുകളിലെ ഡെലിവറിയും ഈ സമയങ്ങളിൽ നിരോധിച്ചു.
സൂര്യാഘാതം ചെറുക്കാൻ..
ചൂടും ഈർപ്പവും കൂടുമെന്നതിനാൽ സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ മുൻകരുതൽ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) എമർജൻസി വകുപ്പ് മെഡിക്കൽ റസിഡന്റ് ഡോ.അയിഷ അലി അൽ സദയുടേതാണ് നിർദേശം.
∙ ശരീരോഷ്മാവ് ഉയരുക, അമിത വിയർപ്പും ദാഹവും, ഹൃദയമിടിപ്പ് കൂടുക, ചർമത്തിൽ ചുവപ്പ്, തലവേദന, ക്ഷീണം, ഛർദി, ബോധക്ഷയം, ഗുരുതരമായ തളർച്ച എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
∙ സൂര്യാഘാതത്തെ ചെറുക്കാൻ ധാരാളം വെള്ളവും ജ്യൂസും കുടിക്കാം. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുകയാണ് പ്രധാന മാർഗം. അയഞ്ഞതും ഇളം നിറത്തിലുള്ള സൗകര്യപ്രദമായ വസ്ത്രങ്ങൾ വേണം ധരിക്കാൻ. ഉച്ചയ്ക്ക് 11 മുതൽ 3.00 വരെ നേരിട്ട് സൂര്യ രശ്മികൾ ഏൽക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും കുട്ടികളും വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഡോ.അയിഷ നിർദേശിച്ചു.
∙ ക്ഷീണം തോന്നിയാൽ ചെയ്യുന്ന ജോലി വേഗം നിർത്തണം. ശരീരതാപനില ഉയർന്നാൽ തണുത്ത വെള്ളത്തിൽ കുളിക്കുകയോ ഐസ് പാഡുകൾ ദേഹത്ത് വയ്ക്കുകയോ ചെയ്യാം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണെങ്കിൽ വ്യക്തിയെ വേഗം ശീതീകരിച്ച സ്ഥലത്തേക്ക് മാറ്റിക്കിടത്തണം. തണുത്ത വെള്ളം അല്ലെങ്കിൽ ഐസ് ഇട്ട വെള്ളം കുടിക്കാൻ കൊടുക്കണം. സാധ്യമെങ്കിൽ ശരീരത്ത് ഐസ്പാഡുകൾ വയ്ക്കണം. 30 മിനിറ്റിന് ശേഷവും ആരോഗ്യാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ അല്ലെങ്കിൽ ശരീര താപനില 40 ഡിഗ്രിയിൽ കൂടുതലെങ്കിൽ ഉടൻ 999 വിളിച്ച് അടിയന്തര വൈദ്യസഹായം തേടണം.
യുഎഇയിലും താപനില ഉയരുകയാണ്. ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജൂലൈ 15ന് അബുദാബിയിലെ ബദാ ദഫാസില്‍ (അല്‍ ദഫ്ര മേഖല) ആണ് ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 50.1 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച ഉച്ചയ്ക്ക 2.30ന് ഇവിടെ രേഖപ്പെടുത്തിയത്. അടുത്തിടെയായി താപനില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ താപനില 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നു. താപനില ഉയരുന്ന സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് ഏറ്റവും കൂടുതലുള്ള സമയങ്ങളില്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും യുഎഇയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും ധരിച്ച് സൂര്യപ്രകാശത്തില്‍ നിന്നും പരിരക്ഷ നേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273