ഗൾഫിലെത്തിയത് കെയർ ടേക്കർ ജോലിക്ക്, നാട്ടിലുള്ള കുടുംബത്തെ പോറ്റുന്നത് പാഴ്‌വസ്തുക്കൾ പെറുക്കിവിറ്റ്; ഇങ്ങനെയും പ്രവാസി ജീവിതം
പാഴ് വസ്തുക്കളും ഭക്ഷണ മാലിന്യങ്ങളും നിക്ഷേപിക്കുന്ന റോഡരികിലെ കുപ്പത്തൊട്ടികൾ പലപ്പോഴും ചിലർക്ക് ജീവിതമാണ്. നാട്ടിലുള്ള കുടുംബത്തെ നല്ല രീതിയിൽ പോറ്റാനും അവർക്ക് ഭേദപ്പെട്ട നിലയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും നിരവധി പ്രവാസികൾക്ക് തുണയാകുന്നത് റോഡരികിലെ കുപ്പത്തൊട്ടികളാണ്. ഇതിൽ പലരും ഉപേക്ഷിക്കുന്ന മെറ്റൽ സ്ക്രാപ്പുകൾ, ഒഴിഞ്ഞ കൊക്കോകോള ടിന്നുകൾ തുടങ്ങിയവ ശേഖരിച്ച് അവ സ്ക്രാപ്പ് കടകളിൽ കൊണ്ടുപോയി വിൽക്കുന്നതിലൂടെ ലഭിക്കുന്ന ചെറിയ തുകകളാണ് ഇവരുടെ വരുമാന മാർഗം. അതിരാവിലെ മുതൽ സ്ക്രാപ്പ് ശേഖരിച്ച് തൊഴിൽ ചെയ്യുന്ന മലയാളികൾ അടക്കമുള്ള പലരെയും ബഹറൈൻ്റെ പലപ്രദേശങ്ങളിലും കാണാം.
2008 മുതൽ ഈ ജോലി തുടങ്ങിയ മലയാളിയായ ആബിദും അതിൽ ഒരാളാണ്. 15 വർഷത്തോളമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആബിദ് ഇപ്പോഴും നാട്ടിലുള്ള വലിയ ഒരു കുടുംബത്തെ സംരക്ഷിക്കുന്നത് ഈ ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണെന്ന് പറഞ്ഞു. എങ്കിലും ഈ ജോലിയാണ് ചെയ്യുന്നത് എന്ന് നാട്ടിലുള്ളവരെ അറിയിക്കുന്നതിൽ താത്പര്യമില്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹ്റൈനിലെ ഒരു സ്വദേശിയുടെ ഫ്‌ളാറ്റിൽ കെയർ ടേക്കർ ജോലി തരപ്പെട്ടിട്ടുണ്ടെന്നും താൽപര്യം ഉണ്ടെങ്കിൽ വീസയ്ക്കും ടിക്കറ്റിനുമായി 1000 ദിനാർ വേണം എന്നുമുള്ള , ബഹ്‌റൈനിൽ മുൻ പരിചയമുള്ള ഒരു സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചാണ് ആബിദ് ഇവിടെയെത്തിയത്.
നാട്ടിൽ കെട്ടിടം പണിയിൽ നിന്ന് ലഭ്യമാകുന്ന തുച്ഛമായ കൂലി കൊണ്ട് വീട്ടു വാടകയും മറ്റും കൊടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നന്നേ പ്രയാസപ്പെടുന്ന അവസരത്തിലാണ് ജോലി വാഗ്ദാനം ലഭിച്ചത്. ഏതൊരു തൊഴിൽ അന്വേഷകന്റെയും സ്വപ്നം പോലെ ആബിദിന്റെ മനസ്സിലും പ്രവാസ സ്വപ്നം അന്ന് ചേക്കേറി. സുഹൃത്തുക്കളോട് കടം വാങ്ങിയും സ്വന്തക്കാരുടെയും ബന്ധുക്കളുടെയും ആഭരണങ്ങൾ പണയപ്പെടുത്തിയും അന്ന് ആ തുക നൽകി ആബിദ് ബഹ്റൈനിലേക്ക് പറക്കുകയായിരുന്നു.
എന്നാൽ ഇവിടെ എത്തിയപ്പോഴാണ് തനിക്ക് ലഭിച്ചത് സന്ദർശക വീസ മാത്രമാണെന്നും താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും മനസ്സിലായത് . പിന്നീടങ്ങോട്ട് പലരുടെയും ദയ കൊണ്ട് കെട്ടിട നിർമ്മാണ കമ്പനികളിൽ മേസൺ ആയും കോൺക്രീറ്റ് ഉറപ്പിക്കുന്ന ജോലിയും അടക്കം പല തൊഴിലും ചെയ്തു.
നിയമപരമായ വീസ ഇല്ലാത്തത് കാരണം പലരും തുച്ഛമായ കൂലിയാണ് നൽകിയിരുന്നത്. എങ്കിലും കിട്ടുന്ന കാശ് വീട്ടുകാർക്ക് അയച്ചു കൊടുത്ത് എയർ കണ്ടീഷനുകൾ പോലും ഇല്ലാത്ത തൊഴിലിടങ്ങളിൽ തന്നെ ഉറങ്ങിയും ദിനചര്യകൾ ചെയ്തും ജീവിതം മുന്നോട്ട് കൊണ്ടുപോയി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഫ്രീ വീസയിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമായതോടെ ആരും ജോലി നൽകാതെയായി.
നിത്യവൃത്തിക്ക് വകയില്ലാതായതോടെ ആബിദ് സ്ക്രാപ്പ് ശേഖരിച്ച് വില്പന തുടങ്ങി. അതിരാവിലെ കൈയിൽ ഒരു കമ്പിയും കുറച്ച് പ്ലാസ്റ്റിക്ക് കവറുകളുമായി ആരംഭിക്കുന്ന നടത്തം വൈകീട്ട് വരെ തുടരും. ഓരോ പ്രദേശത്തു നിന്നും ശേഖരിച്ച സ്ക്രാപ്പുകൾ കൈയ്യിൽ കൊണ്ട് നടക്കാവുന്നതിനുമപ്പുറം ഭാരം ആയാൽ എവിടെയെങ്കിലും സുരക്ഷിതമായി അത് സൂക്ഷിക്കും. പിന്നീട് അടുത്ത പ്രദേശങ്ങളിലേക്ക് നടത്തം തുടരുന്നു. മുൻപ് ഇങ്ങനെ ജോലി ചെയ്യുമ്പോൾ വീസ ഇല്ലാത്ത കാരണം പേടിയായിരുന്നു.
എന്നാൽ ഇപ്പോൾ ഫ്ലക്സി വീസയിലാണ് തൊഴിൽ ചെയ്യുന്നതെന്നും സാമാന്യം ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുണ്ടെന്നും ആബിദ് പറഞ്ഞു. ഫ്‌ളാറ്റുകളുടെ അടുത്തുള്ള വീപ്പകളിൽ നിന്ന് സ്ക്രാപ്പ് ശേഖരിക്കുമ്പോൾ സ്വദേശികൾ പലരും ഭക്ഷണവും നൽകാറുണ്ട്. കൂടാതെ പലരും സമയപരിധി കഴിയാറായ ബേക്കറി സാധനങ്ങൾ, റൊട്ടികൾ എന്നിവ ഭദ്രമായി പൊതിഞ്ഞ് കവറുകളിലാക്കി വീപ്പയ്ക്കരികിലോ ഫ്‌ളാറ്റുകളുടെ കവാടത്തിലോ തൂക്കിയിടാറുണ്ടെന്നും ആബിദ് പറഞ്ഞു. ചില സ്‌ഥലങ്ങളിൽ നിന്ന് വീപ്പകളിൽ നിന്ന് സ്ക്രാപ്പ് ശേഖരിക്കുമ്പോൾ സ്വദേശികളുടെ വഴക്കും കിട്ടാറുണ്ട്.
പ്രതിദിനം അഞ്ചോ ആറോ ദിനാർ സ്ക്രാപ്പ് വിൽപനയിൽ നിന്ന് കിട്ടും. അത് സൂക്ഷിച്ച് മാസാവസാനം വീട്ടിലേയ്ക്ക് അയക്കും. മൂന്നോ നാലോ വർഷം കൂടുമ്പോൾ ഒരിക്കൽ നാട്ടിലേയ്ക്ക് പോകുന്നു. സ്വദേശികളുടെ കുട്ടികളും സമ്പന്നരും ഉപേക്ഷിക്കുന്ന വില കൂടിയ പാവകളും കളിപ്പാട്ടങ്ങളും നല്ല ഉടുപ്പുകളും മറ്റും പലപ്പോഴും പാഴ് വസ്തുക്കളിൽ നിന്ന് ലഭിക്കുന്നത് സൂക്ഷിച്ചു വച്ച് നാട്ടിലേക്ക് പോകുമ്പോൾ കൊണ്ടുപോകാറുമുണ്ടെന്ന് ആബിദ് പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273