തീ പിടിച്ച വീട്ടിൽ നിന്ന് 24 പേരെ ഒറ്റക്ക് രക്ഷിച്ചു; സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന് ആദരം
തീ പിടിത്തമുണ്ടായ വീട്ടിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 24 പേരുടെ ജീവൻ വീരോചിതമായി രക്ഷിച്ച ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറലിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് കോർപറൽ ഗദീർ ഹമൂദ് അൽ കഅബി ഹീറോയായി. ധീരമായ പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥനെ ദുബായ് പൊലീസ് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. അഗ്നിബാധയുണ്ടായ രണ്ട് കാറുകൾ, ടെന്‍റ്, വീടിന്‍റെ പൂമുഖം എന്നിവയ്ക്കാണ് തീ പിടിച്ചത്. സംഭവമിങ്ങനെ:
ഒരു പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ യാദൃച്ഛികമായാണ് കഅബി ആ കാഴ്ച കണ്ടത്. രണ്ട് കാറുകൾക്കും ഒരു ടെന്റിനും വീടിനും തീപിടിച്ചിരിക്കുന്നു. ഉയർന്ന താപനില കാരണം തീ അതിവേഗം പടർന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് അദ്ദേഹം ശ്രദ്ധിച്ചുവെങ്കിലും താമസക്കാരിൽ നിന്ന് യാതൊരു അനക്കമോ പ്രതികരണമോ ഉണ്ടായില്ല. പ്രധാന ഗേറ്റ് അടച്ചിരുന്നു. ആരും പുറത്തേയ്ക്ക് വരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
അതിനാൽ, ഓപ്പറേഷൻ റൂമിൽ റിപോർട്ട് ചെയ്യാൻ സമയം കളയാതെ, തീയും പുകയും അവഗണിച്ച് അകത്തേക്ക് കുതിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അദ്ദേഹം ഉടൻ നടപടിയെടുക്കുകയും തീയിൽ നിന്നും പുകയിൽ നിന്നും അവരെ മാറ്റി നിർത്തുകയും ചെയ്തു. പരുക്കേറ്റ വ്യക്തികളിൽ ഒരാൾക്ക് സിവിൽ ഡിഫൻസ് ടീമുകൾ എത്തുന്നതുവരെ അദ്ദേഹം പ്രഥമശുശ്രൂഷയും നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അംഗം എന്ന നിലയിലുള്ള ഈ പ്രവർത്തനം ജോലിയുടെ ഭാഗമാണെന്ന് കഅബി പറഞ്ഞു. ഈ അംഗീകാരത്തിന് ദുബായ് പൊലീസിനോട് അദ്ദേഹം നന്ദി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാൻ സദാ സജ്ജരായിരിക്കാൻ സിവിൽ ഡിഫൻസ് തങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെടാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജബൽ അലി പോലീസ് സ്റ്റേഷൻ ഡയറക്ടറും പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ മേജർ ജനറൽ ഡോ. ആദൽ അൽ സുവൈദിയുടെ സാന്നിധ്യത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ വിദഗ്ധൻ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.
ബ്രി. മർവാൻ അബ്ദുൾ കരീം ജുൽഫർ, ശിക്ഷണ, തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ബ്രി. ഹമൂദ അൽ അമേരി, ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദെം സൊറൂർ അൽ മസാം, കൂടാതെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. മേജർ ജനറൽ അൽ മൻസൂരി, ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വിദഗ്ധൻ റാഷിദ് താനി അൽ മത്രൂഷിയോടും സിവിൽ ഡിഫൻസിൽ പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരോടും ആളുകളെ സഹായിക്കുന്നതിനും അവരുടെ ജീവൻ സംരക്ഷിക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്കും ഉയർന്ന ഉത്തരവാദിത്തമുള്ള പങ്കിനും നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഒപ്പം തീപിടുത്തങ്ങളും അത്യാഹിതങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഉയർന്ന തലത്തിലുള്ള സന്നദ്ധത നിലനിർത്തുവാനും അഭ്യർഥിച്ചു. തീയും പുകയും നിറഞ്ഞ വീടിനുള്ളിൽ കടന്ന് അകത്തുള്ളവരുടെ ജീവനും സ്വത്തുക്കളും രക്ഷപ്പെടുത്താൻ ഫസ്റ്റ് കോർപ്പറൽ അൽ കഅബിയുടെ ദ്രുത പ്രതികരണത്തിന് അൽ മൻസൂരി നന്ദി പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പും കാര്യക്ഷമതയും തന്റെ പ്രവൃത്തിയിലെ ആത്മാർഥത പ്രകടമാക്കുന്നതായി വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273