മലപ്പുറത്തെ ലെസ്ബിയൻ യുവതികൾ വീണ്ടും ഒരുമിച്ചു; പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് കോടതി
ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന മലപ്പുറം കൊണ്ടോട്ടിയിലെ അഫീഫ എന്ന യുവതി ബന്ധുക്കൾക്കൊപ്പം പോയെങ്കിലും പഴയ പങ്കാളിക്കൊപ്പം ജീവിക്കാൻ വീണ്ടും മടങ്ങിയെത്തി. മാതാപിതാക്കൾക്കൊപ്പം പോയ അഫീഫ പൊലീസിന്‍റെയും സ്ത്രീ സംരക്ഷണ സെല്ലിന്‍റെയും സഹായത്തോടെയാണ് വീണ്ടും പങ്കാളിയായ സുമയ്യക്കൊപ്പം താമസമാരംഭിച്ചത്. അഫീഫയെ വീണ്ടും വീട്ടുകാർ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നുകാട്ടി സുമയ്യ ഹൈകോടതിയെയും സമീപിച്ചു.
സർക്കാറിന്‍റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. ലിവ് ഇൻ റിലേഷനിൽ കഴിയുന്ന ഇവർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു.
മലപ്പുറം കൊണ്ടോട്ടി സ്വദേശിനികളായ അഫീഫയും സുമയ്യയും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സൗഹൃദത്തിലായത്. ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ജനുവരി 27ന് ഒളിച്ചോടിയ ഇവരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത് മലപ്പുറം ജുഡീ. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന്, കോടതി ഇവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ച് ഉത്തരവിട്ടു. പിന്നീട് എറണാകുളത്തേക്ക് താമസം മാറ്റി.
ഇതിനിടെ, മേയ് 30ന് അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നുകാട്ടി സുമയ്യ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി. ഹൈകോടതിയുടെ നിർദേശപ്രകാരം ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹാജരാക്കിയപ്പോൾ തനിക്ക് മാതാപിതാക്കളുടെ ഒപ്പം പോയാൽ മതിയെന്ന് അഫീഫ അറിയിച്ചു. തുടർന്ന്, അഫീഫയെ മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ച് ഹരജി തീർപ്പാക്കിയിരുന്നു.
ഇതിന് ശേഷം അഫീഫ പങ്കാളിയായ സുമയ്യയുടെ അടുത്തേക്ക് പോകാൻ ശ്രമക്കിമ്പോൾ വീട്ടുകാർ തടയുന്ന വീഡിയോ പുറത്ത് വന്നിരുന്നു. അതിന് ശേഷമാണ് അഫീഫ വീണ്ടും തന്റെ ലെസ്ബിയൻ പങ്കാളിയായ സുമയ്യയെ തേടിയെത്തിയത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273