ആദിവാസി യുവാവിൻ്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവം: ജനരോഷം ശക്തം, കാല്‍കഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി- വീഡിയോ

ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കഴിഞ്ഞ ദിവസം ആദിവാസിയായ ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് ബിജെപി നേതാവ് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

 

ദഷ്മത് റാവത്തിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിങ് ചൗഹാൻ കാൽ കഴുകിയത്. വിസമ്മതിച്ച റാവത്തിനെ മുഖ്യമന്ത്രി നിർബന്ധിച്ച് ചെരുപ്പ് അഴിപ്പിച്ച ശേഷം കാൽ കഴുകുകയായിരുന്നു. മുഖത്തേക്ക് മൂത്രമൊഴിക്കുന്ന വിഡിയോ കണ്ടപ്പോൾ വളരെ വേദനയുണ്ടായെന്ന് ചൗഹാൻ പറഞ്ഞു. തനിക്ക് ജനം ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ജനങ്ങളെ സേവിക്കുക എന്നാൽ ദൈവത്തെ സേവിക്കുന്നത് പോലെയാണ്. എല്ലാ മനുഷ്യരിലും ദൈവമുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. ദഷ്മതിനു േനരെയുണ്ടായ മനുഷ്യത്വരഹിതമായ അതിക്രമം വലിയ വേദനയുണ്ടാക്കി. അദ്ദേഹത്തിനെതിരെയുണ്ടായ അതിക്രമം തെറ്റാണ്’’ ചൗഹാൻ പറഞ്ഞു.

 

 

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ആദിവാസിയുവാവിന്റെ ദേഹത്തു മൂത്രമൊഴിക്കുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ, പ്രതിയായ പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാൻ ബിജെപി സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ്, പ്രതിക്കു ബിജെപി ബന്ധമുണ്ടെന്നും ആരോപിച്ചു. ബിജെപി നിഷേധിച്ചു. ചൊവ്വാഴ്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയർന്നു. പിന്നാലെയാണു പൊലീസ് കേസെടുത്തത്. ദേശീയ സുരക്ഷാനിയമം (എൻഎസ്എ), പട്ടികവിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്ന നിയമം എന്നിവ അടക്കം 4 വകുപ്പുകൾ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. ബുധനാഴ്ച പുലർച്ചെ 2ന് പ്രവേശ് ശുക്ല അറസ്റ്റിലായി.

 

സിദ്ധി ജില്ലയിലെ കുബ്രി ഗ്രാമത്തിലാണു സംഭവം നടന്നത്. ഫോൺ റീചാർജ് ചെയ്യാനെത്തിയ യുവാവ് കടയുടെ തിണ്ണയിലിരിക്കുമ്പോഴാണു ശുക്ല എത്തി മൂത്രമൊഴിച്ചതെന്നാണു റിപ്പോർട്ട്. കടയുടമ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ, പ്രവേശിന്റെ പിതാവിന്റെ വീടിന്റെ ഒരു ഭാഗം അധികൃതർ ഇടിച്ചുനിരത്തി. ചട്ടം ലംഘിച്ചു നിർമിച്ചതുകൊണ്ടാണു നടപടിയെന്നാണു വിശദീകരണം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!