ആന്ധ്രയിൽനിന്നെത്തിയ വി.ഐ.പി കള്ളനെ അമ്പരപ്പിച്ചത് ആഡംബര വീടുകൾ: പല ജോലി നോക്കി; ഒടുവിൽ മോഷണം
തിരുവനന്തപുരം∙ ആന്ധ്രപ്രദേശിൽനിന്ന് വിമാനത്തിൽ കേരളത്തിലെത്തി മോഷണം നടത്തി വിമാനത്തിൽ മടങ്ങുന്ന കള്ളൻ സമ്പതി ഉമ പ്രസാദിനെ (32) അമ്പരപ്പിച്ചത് ഇവിടെയുള്ള വീടുകളുടെ വലുപ്പവും ആഡംബരവും. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സമ്പതി നഗരത്തിലെ കറക്കത്തിനിടയിലാണ് സ്വന്തം നാട്ടിലേക്കാൾ വലിയ സൗകര്യമുള്ള വീടുകൾ കണ്ടത്.
പകൽ നഗരത്തിൽ കറങ്ങിയ സ്ഥലങ്ങളിലെ ലൊക്കേഷൻ ഫോണിൽനിന്ന് മനസിലാക്കിയാണ് രാത്രി മോഷണത്തിനെത്തിയതെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച സ്വർണം പേട്ട പാലത്തിനടിയിലെ തൂണിനിടയിൽ പത്ര കടലാസിൽ പൊതിഞ്ഞാണ് സൂക്ഷിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള സമ്പതി ഹിമാലയം കീഴടക്കാൻ ആഗ്രഹിച്ചിരുന്നതായാണ് പൊലീസിനോടു പറഞ്ഞത്. ഇതിനു വലിയ ചെലവായതിനാൽ പിന്നീട് പട്ടാളത്തിൽ ചേരാൻ ശ്രമിച്ചു. അതിനു കഴിയാതെ വന്നതോടെ വിവിധ ജോലികൾ നോക്കിയശേഷമാണു മോഷണത്തിലേക്കു തിരിഞ്ഞത്. ആന്ധ്രയിലെ ഖമ്മം ജില്ലയിലും നിരവധി കേസുകളുണ്ട്.
ശ്രീപത്മനാഭ സ്വാമി ദർശനത്തിനുശേഷം നഗരം കാണാനിറങ്ങിയപ്പോഴാണ് വലിയ വീടുകൾ ശ്രദ്ധയിൽപ്പെട്ടത്. ചിലതെല്ലാം പൂട്ടിയ നിലയിലായിരുന്നു. മോഷണത്തിനു സാധ്യതയുള്ള സ്ഥലമാണെന്നു മനസിലാക്കി നാട്ടിലെത്തി പദ്ധതി തയാറാക്കി. തലസ്ഥാനത്ത് വിമാനത്തിൽ തിരിച്ചെത്തി തട്ടു പണിക്കാർ കമ്പിവളയ്ക്കാൻ ഉപയോഗിക്കുന്ന പാരയും മറ്റു സാധനങ്ങളും നഗരത്തിൽനിന്ന് വാങ്ങി.
ഓട്ടോയിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങി വീടുകൾ നിരീക്ഷിച്ചു. ആളുകളില്ലാത്ത വീടുകളുടെ ലൊക്കേഷൻ ഫോണിൽ മനസിലാക്കി രാത്രിയെത്തി മോഷണം നടത്തി. കരിക്കകത്തെ വീട്ടിൽനിന്നു മാത്രമാണ് വിരലടയാളം ലഭിച്ചത്. കമ്പിവളച്ച് സ്ഥിരം മോഷണം നടത്തുന്ന മോഷ്ടാക്കളുടെ വിരലടയാളം കണ്ടെത്താൻ കഴിഞ്ഞില്ല. കണ്ണുകൾ ഒഴികെ മറ്റെല്ലാം മറയ്ക്കുന്ന രീതിയിലായിരുന്നു മോഷണ സമയത്തെ വേഷവിധാനം.
ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ചു സൂചന ലഭിച്ചു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സമ്പതി താമസിച്ച ഹോട്ടൽ മനസിലാക്കാനായി. വിമാന മാർഗം വീണ്ടും മോഷണത്തിനെത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ച് പിടികൂടുകയായിരുന്നു. മോഷ്ടിക്കുന്ന സ്വർണം ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273