കർണാടകയിൽ മലയാളി വിദ്യാർഥികൾ ചതിക്കപ്പെടുന്നു; നഴ്സിംഗ് കോളേജുകളിലെ തട്ടിപ്പ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

കര്‍ണാടകയില്‍ നഴ്‌സിംഗ് പഠനത്തിന്റെ പേരില്‍ നടന്ന് വരുന്ന തട്ടിപ്പ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മലയാളി വിദ്യാർഥികളാണ് കബളിപ്പിക്കപെടുന്നവരിൽ ഏറെയും. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയത്.

അന്വോഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണം. കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിൽ നഴ്സിംഗ് മേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിംഗ് പഠനത്തിനായി കൂടുതൽ വിദ്യാർഥികൾ താൽപര്യം കാണിക്കുന്നത്. ഈ സാഹചര്യം ചൂഷണം ചെയ്താണ് കർണാടകയിലെ കോളേജുകൾ തട്ടിപ്പ് നടത്തുന്നത്. കേരളത്തിൽ നിന്നാണ് കൂടുതൽ വിദ്യാർഥികളും കർണാടകയിലെത്തുന്നത്. കേരളത്തിൽ നഴ്സിംഗ് പഠിക്കാൻ കോളേജുകൾ ലഭിക്കാത്തത് കർണാടകയിലേക്ക് കുട്ടികളുടെ ഒഴുക്ക് വർധിക്കാൻ കാരണമാവുകയും ചെയ്തു. മാത്രവുമല്ല കേരളത്തിൽ പഠിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് കർണാടകയിലെ പഠനത്തിന് എന്നാണ് ഏജൻ്റുമാർ പ്രചരിപ്പിക്കുന്നതും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ബംഗളൂരുവിൽ പ്രവർത്തിക്കുന്ന 1100 ഓളം നഴ്സിംഗ് കോളേജുകളിലേക്ക് വിദ്യാർഥികളെ എത്തിക്കാൻ കേരളത്തിൻ്റെ പലഭാഗങ്ങളിലും ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഒരു വർഷത്തേക്ക് മൂന്ന് ലക്ഷത്തിലേറെ രൂപ വരെയാണ് പല കോളേജുകളും ബംഗളുരുവിൽ ഈടാക്കുന്നത്. എന്നാൽ സർക്കാർ അംഗീകരിച്ച ഫീസ് 65,000 രൂപയാണ്.

 

എന്നാൽ ഈ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ചില കോളേജുകൾ കോളേജ് ഫീസിനോടൊപ്പം ഹോസ്റ്റൽ, ഭക്ഷണം എന്നിവയും ഉൾപ്പെടുത്തിയുള്ള പാക്കേജായിട്ടാണ് നൽകുന്നത്. ഇത് പുറത്ത് താമസിച്ച് പഠിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടിവരും. സർക്കാർ രേഖയിൽ യഥാർഥ ഫീസ് രേഖപ്പെടുത്തുകയും, ബാക്കി വരുന്ന വൻ തുക ഹോസ്റ്റൽ, ഭക്ഷണം എന്നിവയുടെ വകയിൽ ഉൾപ്പെടുത്തിയുമാണ് ഈ തട്ടിപ്പിൽ നിന്ന് തലയൂരാൻ കോളേജുകൾ ശ്രമിക്കുന്നത്. ഹോസ്റ്റലും ഭക്ഷണവും ആവശ്യമില്ലെന്ന് പറയുന്നവർക്ക് അഡ്മിഷൻ നൽകാൻ കോളേജ് അധികൃതർ തയ്യാറാകുകയുമില്ല.

 

ഇതിലേക്ക് കുട്ടികളെ എത്തിക്കാൻ പ്രത്യേകം ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ട്. നേരിട്ട് കോളേജിലെത്തുന്നവർക്ക് അഡ്മിഷൻ നൽകാതെ ഏജന്റുമാര്‍ വഴി വരുന്നവരെയാണ് കോളജുകളില്‍ പ്രവേശിപ്പിക്കുന്നത്. കൂടാതെ പ്രമുഖ കോളേജുകളുടെ വ്യാജ അഡ്മിഷന്‍ ലെറ്റര്‍ നല്‍കുന്നതും അംഗീകാരമില്ലാത്ത കോളജുകളില്‍ എത്തിക്കുന്നതും വ്യാപകമാണ്.

 

കർണാടകയിലെ നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ നേടാൻ കർണാടക നടത്തുന്ന KSET (കർണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) യിലൂടെ മാത്രമേ പാടുള്ളൂ എന്നാണ് നിലവിലെ ചട്ടം. ഇതിൽ ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതും. എന്നാൽ KSET ഇല്ലാതെയും അഡ്മിൽ നൽകാമെന്ന് പറഞ്ഞ് നിരവധി വിദ്യാർഥികളിൽ നിന്നാണ് ഏജൻ്റുമാർ വഴി കോളേജുകൾ പണം വാങ്ങിയത്. ഒരു പക്ഷേ കർണാടകയുടെ യോഗ്യത പരീക്ഷ നിർബന്ധമാകുന്ന സാഹചര്യമുണ്ടായാൽ ഈ വിദ്യാർഥികളുടം പണവും സമയവും നഷ്ടപ്പെടുകയും ചെയ്യും. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിൽ വരും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അതേ സമയം സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നടന്ന് വരുന്ന നിരവധി സ്ഥാപനങ്ങളും കർണാടകയിലുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

 

Share
error: Content is protected !!