ഒമാനിൽ വീണ്ടും വിനോദയാത്ര സംഘം അപകടത്തിൽപ്പെട്ടു; ആറ് മാസം പ്രായമായ കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ഒമാനിലെ ജബല്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു. മത്രയില്‍നിന്ന് പെരുന്നാൾ അവധിക്ക് ശനിയാഴ്ച കുടുംബസമേതം വിനോദയാത്ര പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജബല്‍ അഖ്ദറിലേക്കായിരുന്നു ഇവർ വിനോദയാത്ര പോയത്.
മത്രയില്‍ അബായ കച്ചവടക്കാരനായ ഷബീര്‍, ഭാര്യ, ഇവരുടെ ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റുള്ളവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ബംഗ്ലാദേശ് ധാക്ക കരീംപൂര്‍ സ്വദേശികളാണ് മരിച്ചവരെല്ലാം. അപകടത്തെകുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.
ഈ പെരുന്നാൾ അവധിക്ക് തുടർച്ചായി നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. ഖത്തറില്‍ നിന്നും ഒമാനിലേക്ക് ഈദാഘോഷിക്കാന്‍ പോയ മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് (39) അപകടത്തിൽ മരിച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്ന മിസ്‌ബാഹ് (38) പരിക്കുകളോടെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് മലയാളികളുടെ അപകടം. സലാലയില്‍ നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്ത് വെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറില്‍ അലി ബിന്‍ അലി കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് അഫ്ലഹ്. മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‌താഹിനെയും കൂട്ടിയാണ് ഇവര്‍ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് അഫ്‌താഹും എട്ട് വയസ്സുള്ള മകന്‍ മുഹമ്മദ് ആസിലും സുരക്ഷിതരാണ്.
കഴിഞ്ഞ ദിവസം ദുബൈയില്‍നിന്ന് പെരുന്നാൾ അവധി ആഘോഷിക്കാനായി ഒമാനിലേക്ക് പോയ മറ്റൊരു മലയാളി സലാലയിലെ വാദി ദർബാത്തിൽ മുങ്ങിമരിച്ചിരുന്നു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖാണ് (29) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരക്കായിരുന്നു അപകടം. വാദി ദർബാത്തിൽ നീന്താന്‍ ശ്രമിക്കവെ ചളിയില്‍ പൂണ്ടുപോവുകയായിരുന്നു.
കൂടാതെ ചൊവ്വാഴ്ച ഖത്തറില്‍ നിന്ന് ബഹറൈനിലേക്കുള്ള യാത്രക്കിടെ സൗദിയില്‍ വെച്ച് നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരും മരിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273