ഏക സിവിൽകോഡിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും, സമസ്തയെ ക്ഷണിക്കും; ലീഗിനും സഹകരിക്കാം – MV ഗോവിന്ദൻ
ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമം. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കും. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോടുവെച്ച് സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ഏക സിവിൽ കോഡിനെതിരെ ഒന്നിക്കണം. പൗരത്വഭേദഗതി നിയമത്തിന് എതിരായി നടത്തിയതുപോലുള്ള പ്രക്ഷോഭം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിക്കുമെന്നും പ്രക്ഷോഭത്തിൽ മുസ്ലിം ലീഗിനും സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐക്കെതിരായ വേട്ട മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ശക്തിപ്പെട്ടുവരികയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്കെതിരെ വന്ന വ്യാജ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടിവന്നുവെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചുകൊണ്ട് പ്രസ്ഥാനത്തിനെതിരെ വലിയ കടന്നാക്രമണങ്ങളുണ്ടായി. തെറ്റായ ഒരു നിലപാടിനോടും സി.പി.എം വിട്ടുവീഴ്ച ചെയ്യില്ലെന്ന് അന്ന് വ്യക്തമാക്കിയതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികളാണ് എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമെതിരായി ആസൂത്രിതമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് സംവിധാനം രൂപപ്പെട്ടിരിക്കുന്നു. ഇത് കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും നേതൃത്വത്തിലാണ്. ഇവര്‍ സൃഷ്ടിക്കുന്ന വാചകങ്ങളാണ് വലതുപക്ഷ ശക്തികളുടെ പോസ്റ്ററുകളില്‍ പോലും നിറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തിധരന്റെ ആരോപണം സ്വയം എരിഞ്ഞടങ്ങുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വിവാദം എറ്റെടുക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. ശക്തിധരന്റെ ആരോപണങ്ങൾ പ്രതിപക്ഷ നേതാവിനെയും സുധാകരനെയും വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സുധാകരനെപ്പറ്റി കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അദ്ദേഹത്തിനെതിരേ നിരവധി കൊലപാതക കേസുകളും വധശ്രമ കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273