ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി വ്യവസായി സീക്കോ ഹംസ നിര്യാതനായി
ജിദ്ദ: പ്രവാസി വ്യവസായി മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശി കണ്ടപ്പൻ ഹംസ (സീക്കോ ഹംസ) നാട്ടിൽ നിര്യാതനായി. 66 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവം മൂലം ജിദ്ദയിൽ ചികിത്സയിലായിരുന്ന ഹംസയെ ദിവസങ്ങൾക്ക് മുമ്പാണ് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ജിദ്ദയിലെ ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹംസയെ വിദഗ്ധ ചികിത്സക്കായി എയർ ആംബുലൻസിലാണ് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചിരുന്നത്.
46 വർഷം മുമ്പ് തൻ്റെ ഇരുപതാം വയസ്സിലാണ് ഹംസ പ്രവാസിയായി ജിദ്ദയിലെത്തിയത്. ഒരു സാധാരണ പ്രവാസിയായി ജിദ്ദയിലെ സീക്കോ വാച്ച് കമ്പനിയിലായിരുന്നു ആദ്യ കാലത്ത് ജോലി ചെയ്തിരുന്നത്. അതിനാൽ സീക്കോ ഹംസ എന്നായിരുന്നു പ്രവാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഇതിനിടെ ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. മെഡിക്കൽ ചികിത്സാ രംഗത്ത് പ്രശസ്തരായ ജിദ്ദയിലെ ശിഫാ ബവാദി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറായിരുന്നു ഹംസ. സൗദിയുടെ വിവിധ ഭാഗങ്ങളിലും നാട്ടിലും നിരവധി ബിസിസനസ് സംരംഭങ്ങൾ ഹംസയുടെ ഉടമസ്ഥതയിലുണ്ട്.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ജിദ്ദയിലെ പ്രവാസികൾക്കിടിയിൽ നിറ സാന്നിധ്യമായിരുന്ന ഹംസ ജിദ്ദയിലെ നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ‘നിയോ’യുടെ മുഖ്യ രക്ഷാധികാരിയായിരുന്നു. കൂടാതെ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ചെയർമാനായും പ്രവർത്തിച്ച് വരുന്നതിനിടെയാണ് അന്ത്യം.
ചൊവ്വാഴ്ച വൈകീട്ട് നിലമ്പൂരിലെ മുക്കട്ട റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം ബുധനാഴ്ച രാവിലെ ഒമ്പതിന് ജന്മ നാടായ കാളികാവ് അഞ്ചച്ചവടി പള്ളിശേരി ജുമാമസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273