ഭാര്യമാരെ പങ്കുവെക്കൽ: മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ഭീഷണി; പരാതിക്കാരിയായ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്
കറുകച്ചാൽ: സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്തെന്ന കേസിൽ പരാതിക്കാരിയായ യുവതിയെ വീട്ടിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി ജേക്കബ് (28) ആണ് കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടത്. പ്രതിയെന്നു പൊലീസ് സംശയിക്കുന്ന ഭർത്താവ് ഷിനോ മാത്യുവിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിൽ പങ്കാളികളെ പരസ്പരം ലൈംഗികബന്ധത്തിനായി കൈമാറ്റം ചെയ്യുന്നെന്ന വാർത്ത ഒന്നരവർഷം മുൻപ് സമൂഹം ഞെട്ടലോടെയാണ് കേട്ടത്. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്ന് അന്ന് പരാതിപ്പെട്ട സ്ത്രീ ഇന്ന് കൊലചെയ്യപ്പെട്ടത് മറ്റൊരു ആഘാതമായി. ഭർത്താവാണ് കൊല നടത്തിയത്.
യുവതി ഭർത്താവുമായി ഒത്തുതീർപ്പുണ്ടാക്കി മുന്നോട്ടുപോകുമ്പോഴാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടായതും കൊലപാതകത്തിലേക്ക് എത്തിയതും. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിരന്തരം നിർബന്ധിച്ചതിനെത്തുടർന്ന് സഹികെട്ട യുവതി, ഒരു യൂട്യൂബ് ബ്ലോഗറോടാണ് വിവരം ആദ്യം പറഞ്ഞത്.
സമൂഹമാധ്യമങ്ങളിൽ ഈ സംഭാഷണം വന്നതോടെ യുവതിയുടെ ശബ്ദം സഹോദരൻ തിരിച്ചറിഞ്ഞു. സംശയംതോന്നിയ സഹോദരൻ യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തുടർന്ന് കറുകച്ചാൽ പോലീസ് സ്‌റ്റേഷനിലെത്തി ഇവർ പരാതി നൽകുകയായിരുന്നു. ഭർത്താവടക്കം നാലുപേരെയാണ് ആദ്യം അറസ്റ്റുചെയ്തത്. ഒരാഴ്ചയ്ക്കകം നാലുപേർകൂടി പിടിയിലായി. ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് അന്ന് കേസെടുത്തത്.
രണ്ടുവർഷം മുൻപാണ് ഇവർ കങ്ങഴയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്. അയൽക്കാരുമായി ബന്ധം ഇല്ലായിരുന്നു.
ഇവരുടെ വീട്ടിൽനിന്നും കണ്ടെടുത്ത ലാപ്‌ടോപ്പ്, പ്രതികളുടെ മൊബൈൽഫോൺ എന്നിവയിൽനിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്ന് ലഭിച്ചത്. കപ്പിൾമീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളിലുള്ള വാട്‌സാപ്പ്, മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകളും കണ്ടെത്തി. സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയസംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാനതല അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.
കൊല്ലപ്പെട്ട ജൂബിയും, പിടിയിലായ ഭർത്താവ് ഷിനോയും
വെട്ടിക്കൊന്നത് മക്കളുടെ കണ്‍മുന്നില്‍വെച്ച്, പുറത്തേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ സിറ്റൗട്ടില്‍ വീണു
ഭാര്യമാരെ പങ്കുവെക്കുന്ന സംഘത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ട യുവതിയെ മക്കളുടെ കൺമുന്നിലിട്ട് ഭർത്താവ് വെട്ടിക്കൊന്നു. മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി (26)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷിനോയെ വിഷംകഴിച്ച നിലയിൽ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ പ്രതിക്ക് പോലീസ് കാവൽ ഏർപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ മണർകാട് മാലത്തെ യുവതിയുടെ വീട്ടിലായിരുന്നു സംഭവം. അച്ഛനും അമ്മയും സഹോദരങ്ങളും ജോലിക്കുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. ഭയന്ന് കുളിമുറിക്കുള്ളിൽ കയറി കതകടച്ചെങ്കിലും യുവാവ് വാതിൽ ചവിട്ടിത്തകർത്ത് കുളിമുറിക്കുള്ളിലിട്ട് യുവതിയെ വെട്ടുകയായിരുന്നെന്നാണ് പോലീസ് നിഗമനം. കുളിമുറിയിൽവെച്ച് വെട്ടുകൊണ്ടെങ്കിലും രക്ഷപ്പെടാനായി പുറത്തേക്കോടിയ യുവതി വീടിന്റെ സിറ്റൗട്ടിൽ വീണുപോയി. ഇതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവംകണ്ട് ഭയന്നുവിറച്ച കുട്ടികൾ അയൽവീട്ടിലെത്തി, അച്ഛൻ അമ്മയെ വെട്ടിക്കൊന്നെന്ന് അറിയിച്ചു. അയൽക്കാർ എത്തിയപ്പോൾ യുവതി സിറ്റൗട്ടിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു, മണർകാട് പോലീസ് എത്തി യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വെള്ളിയാഴ്ച രാവിെല പ്രതി ഫോണിൽവിളിച്ച് യുവതി വീട്ടിലുണ്ടോയെന്ന് തിരക്കിയിരുന്നു. കഴുത്തിലും തലയിലുമാണ് വെട്ടേറ്റത്.
ഭാര്യമാരെ പങ്കുവയ്ക്കുന്ന സംഘത്തിൽപ്പെട്ട ഷിനോ, യുവതിയെ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന കേസ് കോളിളക്കം ഉണ്ടാക്കിയിരുന്നു. സഹികെട്ട യുവതി സംഭവം പുറത്തുപറയുകയും സഹോദരങ്ങളുടെ സഹായത്തോടെ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഭർത്താവ് ഉൾപ്പെടെ പത്തുപേരെ പോലീസ് അറസ്റ്റുചെയ്തു.
ജാമ്യത്തിലിറങ്ങിയ പ്രതി പിണക്കം പറഞ്ഞുതീർത്ത് വീണ്ടും യുവതിയുമായി ഒരുമിച്ച് 14-ാം മൈലിന് സമീപം വാടകവീട്ടിൽ താമസം തുടങ്ങിയിരുന്നു. യുവതി ഒപ്പമെത്തിയതോടെ പ്രതി വീണ്ടും ഭാര്യമാരെ പങ്കുവയ്ക്കുന്ന സംഘത്തിൽ സജീവമായി. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് യുവതിയെ നിർബന്ധിക്കുകയും ചെയ്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതോടെ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ യുവതി വീണ്ടും മണർകാട്ടെ സ്വന്തം വീട്ടിലെത്തി.
കുട്ടികളെ മണർകാട്ടുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ ശ്രമിച്ചുവരുകയായിരുന്നു. യുവതിയെ കൊല്ലുമെന്ന് പ്രതി നേരത്തെ വീട്ടുകാരോട് ഭീഷണിമുഴക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സംഭവസ്ഥലത്തെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273