കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ട രാജേഷിനെ കുറിച്ച് പൊലീസിന് സംശയം

മലപ്പുറം: കിഴിശേരിയിൽ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശി രാജേഷ് മഞ്ജി മർദനമേൽക്കാനിടയായ സ്ഥലത്തെത്തിയതിനെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും. മോഷണത്തിനാണ് ഇയാൾ എത്തിയത് എന്ന പ്രതികളുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

കേസിൽ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തവനൂർ സ്വദേശികളായ എട്ടുപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കൂടാതെ തെളിവ് നശിപ്പിച്ചതിന് ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അൽപ്പസമയം മുമ്പാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച അർധരാത്രിയാണ് ബിഹാർ സ്വദേശി രാജേഷ് മഞ്ജി എന്നയാൾ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇപ്പോൾ അറസ്റ്റിലായ എട്ടുപേർ ചേർന്ന് ഇയാളെ ക്രൂരമായി മർദിച്ചുവെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. 12 മണിക്കാണ് ഇയാളെ പിടികൂടിയത്. പിന്നീട് രണ്ടുമണിവരെ ഏതാണ്ട് രണ്ടുമണിക്കൂർ നേരം മർദനം തുടർന്നു. ശനിയാഴ്ച പുലർച്ചെ ഒന്നോടെ കിഴിശ്ശേരി-തവനൂർ റോഡിൽ ഒന്നാംമൈലിലാണ് സംഭവം.

സംശയാസ്‌പദമായ സാഹചര്യത്തിൽ റോഡരികിലെ വീട്ടുപരിസരത്തുനിന്ന യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്‌ടിക്കാനെത്തിയതാണെന്നാരോപിച്ച ആൾക്കൂട്ടം ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നുവെന്നാണ് സൂചന.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് റോഡരികിൽ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആംബുലൻസിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളിയാഴ്‌ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമിൽ ജോലിക്കുവന്നതാണെന്ന് പോലീസ് പറഞ്ഞു. നേരത്തേ പട്ടാമ്പിയിലായിരുന്നെന്നാണു സൂചന. ഈ ക്വാർട്ടേഴ്സിന്റെ നൂറുമീറ്റർ അകലെയുള്ള വീട്ടുപരിസരത്താണ് രാജേഷിനെ സംശയാസ്‌പദമായി കണ്ടത്.

രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്ന് പ്രതികൾ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മർദനമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

കൈകൾ ബന്ധിച്ച ശേഷം മരക്കമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചാണ് ഇവർ ഇയാളെ മർദിച്ചത്. ശരീരത്തിലുടനീളം പരിക്കുണ്ടായിരുന്നു. വാരിയെല്ലുകളടക്കം തകർന്നിരുന്നുവെന്നാണ് പോസ്റ്റുമോർട്ടിൽ പറയുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!