എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ മാർക്ക് രേഖപ്പെടുത്തിയാൽ പ്രവേശനം കൂടുതൽ സുതാര്യമാകും
കൊട്ടാരക്കര: എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തണമെന്ന ആവശ്യം നടപ്പായാൽ പ്ലസ് വൺ പ്രവേശനം കൂടുതൽ സുതാര്യമാകും. ഒപ്പം പത്ത് വിഷയങ്ങൾക്കായി 65 മാർക്കുവരെ വ്യത്യാസമുള്ളവരെ ഒരേ ഗ്രേഡ് പോയന്റിൽ പരിഗണിക്കുന്ന അനീതിക്കും പരിഹാരമാകും. ഇക്കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ പല്ലവി എന്ന വിദ്യാർഥിനിയാണ് സർട്ടിഫിക്കറ്റിൽ മാർക്കും രേഖപ്പെടുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
നിലവിൽ എസ്.എസ്.എൽ.സി. ബുക്കിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. 90 മുതൽ 100 ശതമാനം മാർക്കുവരെ എ പ്ലസ്, 80 മുതൽ 89 വരെ എ, 70 മുതൽ 79 വരെ ബി പ്ലസ്, 60 മുതൽ 69 വരെ ബി ഇങ്ങനെ ഇ വരെയുള്ള ഗ്രേഡുകളാണുള്ളത്. ഇതുപ്രകാരം പരീക്ഷയിൽ നൂറു ശതമാനമായ 650 മാർക്ക് നേടുന്ന വിദ്യാർഥിക്കും 90 ശതമാനമായ 585 മാർക്ക് നേടുന്ന വിദ്യാർഥിക്കും 65 മാർക്കിന്റെ അന്തരം ഉണ്ടെങ്കിലും എ പ്ലസ് എന്ന ഒരേ പരിഗണനയാണ് ലഭിക്കുന്നത്.
2022-ൽ നാലുലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 45,000 പേർക്കാണ് എല്ലാവിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്. പ്ലസ് വൺ പ്രവേശനത്തിന് എല്ലാവർക്കും ഒരേ പരിഗണനയാണ് നൽകിയത്. എന്നാൽ പഠിച്ച സ്കൂൾ, പഞ്ചായത്ത്, തുടങ്ങിയ അധിക പോയന്റുകൾ പരിഗണിച്ചപ്പോൾ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെക്കാൾ മുമ്പേ മാർക്ക് കുറഞ്ഞവർ പ്രവേശനം നേടി. 65 മാർക്ക് അധികം വാങ്ങിയിട്ടും പ്രവേശനം കിട്ടാതെ പോകുന്ന അശാസ്ത്രീയത മെറിറ്റ് അട്ടിമറിക്കുന്നതാണെന്ന ആക്ഷേപം ഗ്രേഡ് സമ്പ്രദായം ആരംഭിച്ച കാലംമുതൽ നിലനിൽക്കുന്നു. ഈ പരാതിയോട് കാലങ്ങളായി സർക്കാർ മുഖംതിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ കോടതി പരിഗണിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹയർ സെക്കൻഡറി തലത്തിൽ ഗ്രേഡിനൊപ്പം മാർക്കും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതിനാൽ പുനർമൂല്യനിർണയത്തിൽ ഒരു മാർക്കിന്റെ വ്യത്യാസമുണ്ടായാൽപ്പോലും അത് പുതുക്കി രേഖപ്പെടുത്താറുണ്ട്. അധ്യാപകർക്കെതിരേ നടപടിയും വരും. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ മാർക്ക് രേഖപ്പെടുത്താൻ തുടങ്ങിയാൽ മൂല്യനിർണയം കൂടുതൽ ജാഗ്രതയോടെ ചെയ്യേണ്ടിവരും. പ്ലസ് വൺ പ്രവേശനത്തിന് ഗ്രേഡിനെക്കാൾ മാർക്കിന് പ്രാധാന്യം വരികയും മാർക്ക് കൂടുതൽ വാങ്ങിച്ചവർക്ക് ആദ്യമാദ്യം പ്രവേശനം ലഭിക്കുകയും ചെയ്യുമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273