ബോട്ട് ചരിഞ്ഞെന്ന മുന്നറിയിപ്പ് അവഗണിച്ചു; തകരാറ് മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടി

താനൂരിലെ ബോട്ടപകടത്തിനു കാരണം ജീവനക്കാരുടെയും ഉടമയുടെയും അനാസ്ഥയെന്നു സൂചന. യാത്രക്കാരെ കയറ്റാൻ വേണ്ട സംവിധാനങ്ങളില്ലാത്ത ബോട്ട് വിനോദസഞ്ചാരത്തിനുള്ള അനുമതികളൊന്നുമില്ലാതെയാണ് സർവീസ് നടത്തിയത്. യാത്ര തുടങ്ങിയപ്പോൾത്തന്നെ, ബോട്ട് ചരിഞ്ഞാണു പോകുന്നതെന്ന് നാട്ടുകാർ ജീവനക്കാർക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് അവഗണിച്ച് യാത്ര തുടർന്ന ബോട്ട് പുഴയിലേക്ക് അര കിലോമീറ്റർ മാത്രം സഞ്ചരിച്ചപ്പോൾ ഇടത്തേക്കു ചരിഞ്ഞ് കീഴ്‌മേൽ മറിയുകയായിരുന്നു.

സർവീസ് നടത്താൻ അനുമതിക്കായി ബോട്ട് ഉടമ മുനിസിപ്പാലിറ്റിയിൽ നൽകിയ അപേക്ഷ, രേഖകൾ കൃത്യമല്ലാത്തതിനാൽ പരിഗണിച്ചിട്ടില്ല. പക്ഷേ, മുനിസിപ്പാലിറ്റിയുടെ അനുമതി വേണ്ട എന്നു പറഞ്ഞ് ധിക്കാരത്തോടെയായിരുന്നു ഇവരുടെ സർവീസ്. പെരുന്നാൾ ദിനത്തിലടക്കം ഇവർ കൂടുതൽ ആളുകളെ കയറ്റി സർവീസിന് ശ്രമിച്ചിരുന്നു. അന്ന് മത്സ്യത്തൊഴിലാളികൾ തടയുകയും പൊലീസിനെ വിവരം അറിയിച്ച് സർവീസ് നിർത്തിവയ്പിക്കുകയും ചെയ്തു.

പക്ഷേ പിന്നീടും ഇവർ സർവീസ് നടത്തി. അപകട‌സാധ്യതയുണ്ടെന്ന് ബോട്ട് ജീവനക്കാർക്ക് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പു നൽകിയിരുന്നെന്ന് മത്സ്യത്തൊഴിലാളി നേതാവ് പറഞ്ഞു.

അതേസമയം കുട്ടികളെ കൂടാതെ 39 പേർക്കാണ് ബോട്ടിൽ ടിക്കറ്റ് നൽകിയിരുന്നതെന്നാണ് സൂചന. കോസ്റ്റൽ പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.

അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏഴുകുട്ടികളുമുണ്ട്. ഒൻപതുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അറ്റ്‌ലാന്റിക് എന്ന് പേരുള്ള ബോട്ട് പൂരപ്പുഴയുടെ അഴിമുഖത്ത് മറിഞ്ഞത്. ഓടിയെത്തിയ മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

 

മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ് അവഗണിച്ചു

സർവീസ് തുടങ്ങിയപ്പോൾത്തന്നെ, ഈ രണ്ടു നില ബോട്ട് യാത്രക്കാരെ കയറ്റാൻ അനുയോജ്യമല്ലെന്നും വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്നും മത്സ്യത്തൊഴിലാളികൾ മുന്നറിയപ്പു നൽകിയിരുന്നു. യാത്രാബോട്ടുകളുടെ അടിഭാഗം പരന്നതായിരിക്കണം. എന്നാൽ ഈ ബോട്ടിന്റേത് ഉരുണ്ടതാണ്. അത്തരം മത്സ്യബന്ധന ബോട്ടുകളിൽ കൂടുതൽ ആളുകൾ കയറിയാൽ അത് ഒരു വശത്തേക്കു ചരിയും. അങ്ങനെയാണ് ഇവിടെയും അപകടമുണ്ടായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!