ബോട്ടപകടത്തിൽ നടുങ്ങി കേരളം…; മരിച്ചവരുടെ എണ്ണം 21 ആയി; നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം, മുഖ്യമന്ത്രി രാവിലെ താനൂരിലെത്തും
മലപ്പുറം: താനൂർ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21ആയി ഉയർന്നു. മരണ സംഖ്യ ഉയരാനാണ് സാധ്യത. കുട്ടികൾക്ക് പുറമെ നാൽപ്പതോളം പേർ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. ഇനിയും നിരവധി പേർ വെള്ളത്തിനടിയിൽ കുടങ്ങി കിടക്കുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു. ഇതുവരെ 12-ാളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒരേ കുടുംബത്തിലെ നിരവധി പേർ ഒരുമിച്ച് അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ രാവിലെ 6 മണി മുതൽ ആരംഭിക്കും. വിവിധ ആശുപത്രികളിലായി പോസ്റ്റം മോർട്ടം നടക്കും.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം കേന്ദ്രം സഹായം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത കാലത്തിനിടെ കേരളത്തിൽ നടന്ന ഏറ്റവും വലിയ ദുരന്തമാണ് താനൂരിൽ ഉണ്ടായിരിക്കുന്നത്. മുഖ്യ മന്ത്രി തിങ്കളാഴ്ച രാവിലെ താനൂരിലെത്തും. മന്ത്രി മുഹമ്മദ് റിയാസും താനൂരിലേക്ക് പുറപ്പെട്ടു. മന്ത്രി അബ്ദു റഹ്മാൻ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കെ.പി.എ മജീദ് എംഎൽഎ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽഎ, ഇ.ടി മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവരും സംഭവ സ്ഥലത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അപകടസ്ഥലം സന്ദർശിക്കും. തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു.
രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ മുങ്ങൽ വിദഗ്ധരും, മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി. കൂടാതെ കൂടുതൽ ആംബുലൻസുകളും, മണ്ണുമാന്തി യന്ത്രങ്ങളും ദുരന്ത സ്ഥലത്തെത്തി. ബോട്ടിനടിയിൽ നിന്നും കുടിങ്ങി കിടക്കുന്നവരെ തിരയുന്നുണ്ട്. ബോട്ട് ചളിയിൽ പതിഞ്ഞതിനാൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ബോട്ട് വെട്ടിപൊളിക്കുകയാണ്.
ഇടുങ്ങിയ റോഡ് മൂലവും ജനങ്ങൾ കൂട്ടം കൂടിയത് മൂലവും സംഭവ സ്ഥലത്ത് നിന്നും ആംബുലൻസുകൾക്ക് പുറത്ത് പോകാൻ പ്രയാസമുണ്ടാകുന്നതായി ആംബുലൻസ് ഡ്രൈവർമാർ പറയുന്നു.
വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. നേരത്തെ മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് രൂപമാറ്റം നടത്തി വിനോദയാത്രക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും ചിലർ പങ്കുവെച്ചു. അഴിമുഖത്ത് നിന്നും സർവീസ് നടത്തുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരണ സംഖ്യ ഉയരാനാണ് സാധ്യത. നാൽപ്പതോളം പേർക്ക് ടിക്കറ്റ് നൽകിയിരുന്നതായി ബോട്ട് സർവീസ് കമ്പനി അറിയിച്ചു. എന്നാൽ അവസാന ട്രിപ്പായിരുന്നതിനാൽ കുട്ടികളുൾപ്പെടെ കൂടുതൽ പേർ യാത്ര ചെയ്തിരുന്നതായും സംശയം പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് അപകടം നടന്ന പ്രദേശം. അപകടവിവരം പുറത്തറിഞ്ഞപ്പോഴേക്കും ഇരുട്ട് വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഫയര്‍ഫോഴ്‌സ് അടക്കം എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. ചെറിയ തോണികളില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്.
അപ്പോഴേക്കും പ്രദേശത്ത് ആള്‍ക്കൂട്ടമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് വിവരം. പിന്നാലെ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി.
ഒരു വലിയ കുടുംബത്തില്‍പ്പെട്ട നിരവധിപേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാര്‍ നല്‍കുന്നുണ്ട്.
ഇരുട്ടായതിനാൽ രക്ഷാ പ്രവർത്തനം പ്രയാസകരമായി തുടരുകയാണ്. അടുത്ത വീടുകളിൽ നിന്ന് ഇലക്ട്രിക് ലൈൻ വലിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. തലകീഴായി മറിഞ്ഞ് കിടക്കുന്ന ബോട്ട് ഉയർത്തി കരക്കെത്തിച്ചതായി കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു. കയർകെട്ടി വലിച്ചാണ് ബോട്ട് കരക്കെത്തിച്ചത്. ബോട്ടിനടിയിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.
താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൻ്റെ ഒരു ഭാഗം ഇപ്പോഴും വെള്ളത്തിനടിയിലാണ്. വിനോദയാത്രക്കെത്തിയ കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും.
ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.
അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ല കലക്ടർക്ക് നിർദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.
നാട്ടുകാർക്ക് പുറമെ മത്സ്യ തൊഴിലാളികളും, താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. മന്ത്രി മുഹമ്മദ് റിയാസ് രക്ഷാ പ്രവർത്തനത്തിനും ചികിത്സക്കും പ്രത്യേക നിർദേശം നൽകി.
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273
Pingback: താനൂര്‍ ബോട്ട് അപകടം: മരണം 21 ആയി ഉയർന്നു, കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു - MALAYALAM NEWS DESK