‘കേരളത്തെ വെട്ടിമുറിക്കുന്ന K-Rail പോലെയല്ല’; വന്ദേ ഭാരതിനെ പ്രശംസിച്ച് പന്ന്യൻ രവീന്ദ്രൻ്റെ മകൻ, എം.വി. ഗോവിന്ദൻ്റെ അപ്പം വിൽപ്പനക്ക് വിമർശനം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ചും കെ റെയിലിനെ വിമർശിച്ചും ഫേസ്ബുക്കിൽ കവിതയെഴുതി സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. വന്ദേഭാരത് ട്രെയിനിനെതിരെ ഇടതുപക്ഷം ശക്തമായ വിമർശനം ഉയർത്തുന്നതിനിടെയാണ് സി.പി.ഐയുടെ നേതാവിന്റെ മകൻ ഇത്തരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കെ- ‘റെയിലിലെ അപ്പം വിൽപ്പന’ പരാമർശത്തെ കവിതയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കുവെച്ചു.

 

 

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം..

 

‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയർത്തിയാലും…
ഇടതുപക്ഷം വെടിയുതിർത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയിൽ
പോയി
അപ്പം വിൽക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയിൽ
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിൻ്റെ ഈണം
യേശുദാസിൻ്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നിൽക്കുമ്പോൾ
കിതച്ചു കൊണ്ടോടി
ആ കുതിപ്പിൻ്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയിൽ കുരുങ്ങി നിൽക്കുക
മോദിയല്ല…..
വലിക്കുന്നവർ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈൻ ബോൾട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…

 

വന്ദേ ഭാരതിന് മോദി കൊടിയുയർത്തിയാലും, ഇടതുപക്ഷം വെടിയുതിർത്താലും, വലതുപക്ഷം വാതോരാതെ സംസാരിച്ചാലും, പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയിൽ പോയി അപ്പം വിൽക്കാനും, തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ലെന്ന് അദ്ദേഹ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വാർത്ത ആയതിന് പിന്നാലെ വിശദീകരണ പോസ്റ്റുമായി രൂപേഷ് തന്നെ രംഗത്തെത്തി. ‘വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാക്കി എന്നെ മാറ്റിയ എന്റെ കൂട്ടുകാർക്ക്’ എന്ന തലക്കെട്ടോടെയായിരുന്നു വിശദീകരണ പോസ്റ്റ്. ശരിയെന്ന് തോന്നുന്നതിനെ മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാൽ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്കാവശ്യമെന്നും കമ്മ്യൂണിസ്റ്റാകുക എന്നാൽ ചുവന്ന കൊടിയുടെ കീഴിൽ തലതാഴ്ത്തി നിന്ന് അണിചേരുക എന്നല്ലെന്നും അദ്ദേഹം വിശദീകരണ പോസ്റ്റിൽ കുറിച്ചു.

 

വിശദീകരണ പോസ്റ്റ് വായിക്കാം…

വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാർക്ക് …
ആകാശം മുട്ടേ വളരാനായി കമ്യൂനിസ്റ്റായതല്ല ഞാൻ…
ആകാശം മുട്ടേ വളരാനാണെങ്കിൽ സ്ഥാനമാനങ്ങൾക്കായി കമ്മുണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാൽ മതിയായിരുന്നു….
ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും…
തെറ്റെന്ന് പറയുന്നതൊരിക്കലും കേൾക്കാതിരുന്നിട്ടില്ല …
രാഹുൽ ഗാന്ധിയിലെ
ചങ്കൂറ്റത്തെ ഇഷ്ടപ്പെട്ടുന്നതുകൊണ്ട് ഞാനൊരിക്കലും ഒരു കോൺഗ്രസ്സ്കാരനാകില്ല….
അരവിന്ദ് കേജരിവാളിലെ ഭയമില്ലായ്മയിലേക്ക് എത്തി നോക്കുന്നതു കൊണ്ട് ഞാൻ ഒരു ആം ആദ്മിക്കാരനുമല്ല …
രാമായണവും മഹാഭാരതവും പുരാണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതു കൊണ്ട് ഞാനൊരു ബി.ജെ.പിക്കാരനുമല്ല…
മത ചിന്ത മനസ്സിനെ
കീഴടക്കാത്തതു കൊണ്ട്
ഞാനൊരു വർഗ്ഗീയ വാദിയുമല്ല….
ഈശ്വര ചിന്ത മനസ്സിൽ തീരെ ഇല്ലാത്തതു കൊണ്ട് നിരീശ്വരവാദിയായ ഞാൻ രാമായണവും മഹാഭാരതവും
ഗീതയും ഖുറാനും ബൈബിളും വായിക്കാതിരുന്നിട്ടുമില്ല…
ദൈവ വിശ്വാസം തീരെയില്ലാത്ത വീട്ടിൽ പിറന്നത് കൊണ്ട് വിശ്വാസത്തെ ഒരിക്കലും നിന്ദിക്കാറുമില്ല…
ദൈവ വിശ്വാസമില്ലാത്ത വീട്ടിൽ പിറന്നതു കൊണ്ടല്ല ഞാനൊരു കമ്മ്യൂണിസ്റ്റായത്..
സ്വന്തം വീട്ടിലുള്ളവർ തിരഞ്ഞെടുത്ത പാർട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്
തന്നെയാണ്
ഞാൻ കമ്മൂണിസ്റ്റായത്:…
ശരിയെന്ന് തോന്നുന്നതിനെ
മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാൽ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്ക് ആവശ്യം…
പക്ഷെ ശരിയും തെറ്റും തിരിച്ചറിയാൻ ജാതിയേയും നിറത്തേയും ഇസത്തേയും നേതാക്കളെയും നോക്കുന്ന ഒരു തലമുറ മുന്നിൽ വന്നു നിൽക്കുന്നു എന്നതും കാലം കൊണ്ടുവന്ന മാറ്റമായിരിക്കാം…
കണ്ണുരുട്ടി നടക്കുന്ന നേതാക്കൾക്ക് മുന്നിൽ തല താഴ്ത്തി നടക്കുന്ന ഒരു തലമുറയുടെ പ്രതിനിധികളാവരുത് നമ്മൾ…..
ശരിക്കു നേരെ മാത്രം തിരിച്ചുപിടിച്ച കണ്ണാടിയിലായിരിക്കണം നമ്മൾ നമ്മളെ കാണേണ്ടത്….
അല്ലാത്തപക്ഷം അത് വരുംതലമുറയോട് ചെയ്യുന്ന തിരുത്താനാവാത്ത തെറ്റായി മാറും …
വന്ദേ ഭാരതിനെ കുറിച്ച്
ഞാനെഴുതിയതിനെ വിമർശിച്ചവരുടെ
പ്രതികരണങ്ങളിലെ നല്ല വശങ്ങൾ സ്നഹത്തോടെ… പൂർണ്ണമനസ്സോടെ ഉൾക്കൊള്ളുന്നു…..
ഞാനെന്നും
കമ്മ്യൂണിസ്റ്റായിരിക്കും…
കമ്മ്യൂണിസ്റ്റാകുക എന്നത്
ചുവന്ന കൊടിയുടെ കീഴിൽ
തല താഴ്ത്തി നിന്ന്
അണിചേരുക എന്നല്ല …
മറിച്ച്
ചങ്കൂറ്റത്തോടും
ധീരതയോടും
സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണ്…
(ഞാനെന്ന പദം
ഉപയോഗിക്കാനിഷ്ടപ്പെടാറില്ലെങ്കിലും എന്നെ കുറിച്ചുള്ള
ചോദ്യങ്ങൾക്കുത്തരത്തിനായി
ഞാനെന്നല്ലാതെ എനിക്ക്
മുന്നിൽ മറ്റൊരു പദമില്ല)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!