യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു; കാമുകി ലക്ഷ്മിപ്രിയ അറസ്റ്റിൽ

അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി.

സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ കൂടി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. ലക്ഷ്മിപ്രിയ അടക്കം 8 പേർക്കെതിരെ ‍പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാക്കി ആറു പേർ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലക്ഷ്മിപ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ലക്ഷ്മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു. പ്രണയത്തില്‍നിന്ന് യുവാവ് പിന്മാറാതെ വന്നതോടെ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. പുതിയ കാമുകന്റെ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

‘ഇപ്പോഴെങ്കിലും എന്നെ മനസിലായോ’, ക്രൂരമര്‍ദനത്തിന് ശേഷം ലക്ഷ്മിപ്രിയയുടെ ചോദ്യം; കാമുകിയുടെ പക

 

കാമുകിയായ ലക്ഷ്മിപ്രിയയും ക്വട്ടേഷന്‍സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ യുവാവിന് യാത്രയിലുടനീളം ഏല്‍ക്കേണ്ടിവന്നത് ക്രൂരമര്‍ദനം.  കേസില്‍ ഉള്‍പ്പെട്ട ബാക്കി ആറുപ്രതികള്‍ക്കായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്. കേസില്‍ ലഹരിമാഫിയയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

അഞ്ചാം തീയതി രാവിലെ പത്തുമണിയോടെ ലക്ഷ്മിപ്രിയയും മറ്റുരണ്ടുപേരും ചേര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാറില്‍ യുവാവിന്റെ വീടിന് മുന്നിലെത്തിയ സംഘം യുവാവിനെ വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ മറ്റുരണ്ടുപ്രതികള്‍ കൂടി കാറില്‍ കയറി. ഇതിനുപിന്നാലെയാണ് മര്‍ദനം ആരംഭിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ആദ്യം യുവാവിന്റെ മൂക്കിനാണ് ഇടിച്ചത്. ഇടിയേറ്റ് മുഖം കുനിച്ചതോടെ കൈമുറുക്കി തലയുടെ പിറകില്‍ ഇടിച്ചു. തുടര്‍ന്ന് കൈകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേട്ടാലറയ്ക്കുന്ന അസഭ്യവും വിളിച്ചു.

 

 

കാര്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ മൂന്നാംപ്രതി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വര്‍ണമാല ഊരിവാങ്ങി. കൈയിലുണ്ടായിരുന്ന ആപ്പിള്‍ വാച്ചും 5500 രൂപയും പ്രതികള്‍ കൈക്കലാക്കി. ഇതിനുപുറമേ 3500 രൂപ ഗൂഗിള്‍പേ വഴിയും വാങ്ങിയെടുത്തു. ഈ സമയത്ത് ‘ഇപ്പോഴെങ്കിലും എന്നെ മനസിലായോ’ എന്നുപറഞ്ഞ് ലക്ഷ്മിപ്രിയയും യുവാവിനെ മര്‍ദിച്ചു. യുവാവിന്റെ ഇടതുചെവിയടക്കം ചേര്‍ത്താണ് യുവതി മര്‍ദിച്ചത്.

എറണാകുളം ബൈപ്പാസിലെ ഒരു വീട്ടിലാണ് പിന്നീട് കാര്‍ എത്തിയത്. ഇവിടെവെച്ച് പ്രതികള്‍ യുവാവിനെ വീണ്ടും മര്‍ദിച്ചു. മൊബൈല്‍ചാര്‍ജറിന്റെ ഒരറ്റം നാക്കില്‍വെച്ച് ഷോക്കടിപ്പിക്കുകയും ചെയ്തു. പച്ചപ്പുല്ല് പോലെ ഒരു സാധനം പേപ്പറില്‍നിറച്ച് നിര്‍ബന്ധിച്ച് വലിപ്പിച്ചു. യുവാവിന്റെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങളും ചാറ്റുകളുമെല്ലാം പ്രതികളുടെ ഫോണിലേക്ക് അയച്ചു. യുവാവിന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലക്ഷ്മിപ്രിയ അടക്കമുള്ളവര്‍ ഈ നഗ്നവീഡിയോ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് വൈറ്റില ബസ് സ്റ്റോപ്പില്‍ യുവാവിനെ ഉപേക്ഷിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

മണിക്കൂറുകളോളം കാമുകിയുടെയും ക്വട്ടേഷന്‍സംഘത്തിന്റെയും തടങ്കലിലായിരുന്ന യുവാവിന് നേരേ ക്രൂരമായ ആക്രമണമാണുണ്ടായത്. ബിയര്‍ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചും നിര്‍ബന്ധിച്ച് ലഹരിമരുന്ന് നല്‍കിയും ലക്ഷ്മിപ്രിയ അടക്കമുള്ളവര്‍ യുവാവിനെ ഉപദ്രവിച്ചു. ഇതിനിടെ, യുവാവിനെ വിട്ടയക്കാന്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ ഏഴാംതീയതിയാണ് പോലീസ് കേസെടുത്തത്. ഇതോടെ ലക്ഷ്മിപ്രിയ അടക്കമുള്ള പ്രതികള്‍ ഒളിവില്‍പോയി. ഇതിനിടെ കഴിഞ്ഞദിവസം എറണാകുളം സ്വദേശിയായ അമല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കകം ഒളിവിലായിരുന്ന ലക്ഷ്മിപ്രിയയെയും തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.

അതേസമയം, ക്രൂരമായ ആക്രമണത്തിന് ഇരയായ മകന്‍ മാനസികമായും ശാരീരികമായും ഏറെ പ്രയാസം അനുഭവിക്കുകയാണെന്ന് മര്‍ദനമേറ്റ യുവാവിന്റെ പിതാവ് പ്രതികരിച്ചു. ”അവന്‍ മാനസികമായി ഏറെ തളര്‍ന്നിരിക്കുകയാണ്. സംസാരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ഇതുവരെ മുക്തനായിട്ടില്ല. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍കാര്യങ്ങള്‍ മകനോട് ചോദിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല. രാത്രിസമയത്ത് എന്നെ കൊല്ലാന്‍വരുന്നു എന്നുപറഞ്ഞ് അലറിവിളിക്കുകയാണ്. കൗണ്‍സിലിങ് തുടങ്ങിയിട്ടുണ്ട്”-പിതാവ് പറഞ്ഞു.

അതിനിടെ, കേസ് ഒത്തുതീര്‍പ്പാക്കാനും പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായതായും പിതാവ് വെളിപ്പെടുത്തി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പത്തുലക്ഷം രൂപയാണ് പ്രതികളുടെ ഭാഗത്തുനിന്നുള്ളവര്‍ വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!