സഹോദരങ്ങൾ കാറിടിച്ച് മരിച്ച സംഭവം: ആദ്യ FIR-ല്‍ ജോസ് കെ മാണിയുടെ മകൻ്റെ പേരില്ല, രക്തസാമ്പിള്‍ എടുത്തില്ല, പോലീസിനെതിരെ ആരോപണം

മണിമല: രണ്ടുപേര്‍ മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന ആരോപണം ഉയരുന്നു. അപകടത്തിനുശേഷം ആദ്യം പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) ജോസിന്റെ മകന്‍ കെ.എം മാണിയുടെ പേരില്ല. 45-വയസുള്ള ആള്‍ എന്നാണ് എഫ്.ഐആറില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധനയും പോലീസ് നടത്തിയിട്ടില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

കേസിന്റെ പ്രാഥമിക ഘട്ടത്തില്‍തന്നെ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. മൂവാറ്റുപുഴ – പുനലൂര്‍ റോഡില്‍ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. എന്നാല്‍ ഞായറാഴ്ച വൈകീട്ടോടെയാണ് കെ.എം മാണിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തുവെന്നാണ് വിവരം. എന്നാല്‍ അപകടത്തിനുശേഷം കെ.എം മാണിയുടെ രക്തസാമ്പില്‍ ശേഖരിച്ചിട്ടില്ല എന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലീസ് കണ്ടെത്തുന്ന കാര്യങ്ങള്‍ ഏറ്റവും വിലപ്പെട്ടതാണെന്നിരിക്കെയാണ് ഇക്കാര്യത്തില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയം ഉയരുന്നത്.

മണിമല ഭാഗത്തുനിന്നും കരിക്കാട്ടൂര്‍ ഭാഗത്തേക്കുവന്ന ഇന്നോവ വാഹനത്തിലാണ് സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചത്. ആ സമയത്ത് പ്രദേശത്ത് മഴ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ സമയത്ത് ഇന്നോവ വാഹനം ബ്രേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് പോലീസ് എത്തുമ്പോള്‍ ജോസ് കെ മാണിയുടെ മകന്‍ കെ.എം മാണി അപകട സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍, 45- വയസ് കഴിഞ്ഞ ഒരാളാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പോലീസ് ആദ്യം തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നത്. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്.

കെ.എം മാണി ഓടിച്ച ഇന്നോവ വാഹനത്തിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് മാത്യു ജോണ്‍ (35) സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവര്‍ മരിച്ചത്. മണിമല ബിഎസ്എന്‍എല്‍ പടിക്ക് സമീപത്തുവച്ചായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികരായ ഇരുവരെയും പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!