ട്രെയിൻ തീവെപ്പ് കേസ്: പ്രതിയെ വൈദ്യപരിശോധനക്ക് എത്തിക്കുന്നതില്‍ നാടകീയ നീക്കം; പ്രതി വാഹനത്തിലില്ല
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീവച്ച പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല.
ശേഷം, വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിക്കു സമീപത്തുള്ള െപാലീസ് സർജന്റെ ഓഫിസിലെത്തിച്ചു. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കാനും നീക്കം നടത്തിയിരുന്നു. അവിടേക്ക് പൊലീസ് ഉദ്യോഗ്സഥരെയും എത്തിച്ചിരുന്നു. പ്രതിയുടെ മുഖത്തുൾപ്പെടെ പരുക്കുള്ള സാഹചര്യത്തിൽ വൈദ്യപരിശോധന നിർണായകമാണ്.
ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്നാണ് ഷാറുഖിന്റെ മൊഴി. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നും മൊഴിയിൽ പറയുന്നു. എന്നാൽ, ഷാറുഖിന്‍റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച നുണയെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണം എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിട്ടില്ല. തീയിട്ട ശേഷം ഷാറുഖ് ട്രെയിനില്‍ തിരിച്ചുപോയത് ടിക്കറ്റെടുക്കാതെയായിരുന്നു. ജനറല്‍ കംപാര്‍ട്മെന്‍റില്‍ മുഖം മറച്ചിരുന്നു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നുവെന്നും ഷാറുഖിന്റെ മൊഴിയിൽ പറയുന്നു.
വൈദ്യ പരിശോധന പൂർത്തിയായ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. എന്നാൽ, കോടതി ഇന്ന് അവധിയായതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ ഔദ്യോഗിക വസതിയിലാവും പ്രതിയെ ഹാജരാക്കുക. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും പൊലീസ് കോടതിയിൽ നൽകും.
കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ സി.ജെ.എം കോടതിയിൽ റെയിൽവേ പൊലീസ് നേരത്തെ സമർപ്പിച്ചിട്ടുണ്ട്. തെളിവുകളടക്കം വിവരിച്ച് രണ്ട് പട്ടികയായുള്ള മഹസറും കോടതിക്ക് കൈമാറിയിട്ടുണ്ട്.
തീവെപ്പ് കേസ് പ്രതിയും ഡൽഹി സ്വദേശിയുമായ ഷാറൂഖ് സെയ്ഫിയെ രത്നഗിരിയിൽ നിന്ന് ബുധനാഴ്ചയാണ് മഹാരാഷ്ട്ര എ.ടി.എസ് പിടികൂടിയത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മീറിലേക്ക് കടക്കാനിരിക്കെയാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ കോഴിക്കോട് എത്തിച്ച പ്രതിയെ മാലൂർക്കുന്നിലുള്ള പൊലീസ് ക്യാമ്പിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273