‘ചോര ഭയമാണെന്ന് പറഞ്ഞ് എംബിബിഎസിന് പോയില്ല; വീടിൻ്റെ മുകള്‍നില ലാബാക്കി’, അച്ഛനെ കൊല്ലാനുള്ള വിഷം നിര്‍മിക്കാൻ രാസ പരീക്ഷണം നടത്തി
അവണൂരില്‍ അച്ഛനെ കൊല്ലാനുള്ള വിഷം നിര്‍മിക്കാന്‍ മകന് രാസ പരീക്ഷണം നടത്തിയെന്ന് കണ്ടെത്തൽ. വീടിന്റെ മുകള്‍നിലയിലെ മുറി രാസമരുന്നു പരീക്ഷണശാലയ്ക്കു സമാനമായിരുന്നു. മകന് മുകളിലിരുന്ന് നിര്‍മിക്കുന്നത് തന്നെ വകവരുത്താനുള്ള വിഷമാണെന്ന് അച്ഛന് അറിഞ്ഞതുമില്ല. അവണൂർ എടക്കുളം അമ്മാനത്ത് ശശീന്ദ്രൻ (59) ആണ് മരിച്ചത്. മകൻ മയൂർനാഥനെ (25) പൊലീസ് പിടികൂടിയിരുന്നു.
മയൂർനാഥന് ആയുര്‍വേദ ഡോക്ടറാണ്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തില്‍ എ പ്ലസ് നേടി. എന്‍ട്രസ് പ്രവേശന പരീക്ഷയില്‍ മികച്ച മാര്‍ക്കോടെ എംബിബിഎസിന് സീറ്റ് കിട്ടി. പക്ഷേ, ചോര കണ്ടാല്‍ ഭയമാണെന്ന് പറഞ്ഞ് പോയില്ല. പകരം, ആയുര്‍വേദ ബിരുദം തിരഞ്ഞെടുത്തു. തൃശൂരിലെ തന്നെ പ്രമുഖ ആയുര്‍വേദ കോളജില്‍ പഠനം.
ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറി പൂര്‍ണമായും മയൂർ നാഥന് മരുന്നുപരീക്ഷണശാലയാക്കി മാറ്റിയിരുന്നു. ലോകത്തു ലഭ്യമായ വിഷാംശങ്ങള്‍ ഏതൊക്കെ?, പോസ്റ്റ്മോര്‍ട്ടത്തില്‍ പോലും കണ്ടെത്താന്‍ കഴിയാത്ത വിഷാംശങ്ങള്‍ ഉണ്ടോ?, തലച്ചോറിന്റെ ഞരമ്പുകളിലേക്ക് നേരിട്ടിറങ്ങുന്ന വിഷം എന്ത്? തുടങ്ങിയ ഗവേഷണങ്ങള്‍ ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തിയിരുന്നു.
രാജ്യത്തു നിരോധിച്ച എലിവിഷം എങ്ങനെ നിര്‍മിക്കാമെന്നതായിരുന്നു ചിന്ത. ഈ വിഷം നിര്‍മിക്കാന്‍ വേണ്ട രാസവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തു. ദിവസങ്ങളോളം മെനക്കെട്ട് വിഷപ്പൊടി നിര്‍മിച്ചു. എലിയില്‍ ഇത് പരീക്ഷിച്ചോയെന്ന് വ്യക്തമല്ല. അച്ഛനു നല്കാന് രണ്ടാനമ്മ തയാറാക്കിയ പ്രഭാതഭക്ഷണത്തില്‍ കടലക്കറി ഉണ്ടായിരുന്നു. ഇതില്‍ വിഷപ്പൊടിയിട്ടു. അച്ഛന് ഇതു കഴിച്ച ശേഷം കറി ബാക്കി വന്നു. ഈ കറിയാകട്ടെ അടുക്കളയിലിരുന്ന കറിയില്‍ ഒഴിച്ചു. മയൂർനാഥന്റെ രണ്ടാനമ്മയും മുത്തശിയും വീട്ടുപണിക്കാരായ രണ്ടു പേരും ഇതേ കറി കൂട്ടി ഇഡലി കഴിച്ചു. അച്ഛന് ശശീന്ദ്രന് കഴിച്ചതില്‍ കൂടുതല്‍ അളവ് വിഷം അകത്തുചെന്നു. രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ് മരിച്ചു.
വിഷപ്പൊടിയുടെ സാംപിള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഓണ്‍ലൈനില്‍ വാങ്ങിയ രാസവസ്തുക്കളുടെ സാംപിളും കിട്ടി. മാനസികാരോഗ്യ ചികിത്സയിലായിരുന്നു മയൂർനാഥന്റെ അമ്മ. മയൂർനാഥന് എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വയം തീ കൊളുത്തി അമ്മ മരിച്ചതിന്റെ ആഘാതം ചെറുപ്പത്തിലെ ചിന്തകള്‍ തകിടം മറിച്ചു. അമ്മയുടെ മരണത്തിന്റെ കാരണക്കാരന്‍ അച്ഛനാണ് വിലയിരുത്തി. പക വളര്‍ന്നു. അവസാനം അത് കൊലപാതകത്തില്‍ കലാശിച്ചു. മയൂർനാഥനെ അവണൂരിലെ വീട്ടില്‍ക്കൊണ്ടുവന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


