വിസ നിയമങ്ങള്‍ ലംഘിച്ചു; സ്‍ത്രീകള്‍ ഉള്‍പ്പെടെ 17 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിസാ നിയമങ്ങള്‍ ലംഘിച്ച 17 പ്രവാസികളെ കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടിയാതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. വിവിധ രാജ്യക്കാരായ ഇവരില്‍ സ്‍ത്രീകളും ഉള്‍പ്പെടുന്നു.

തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്‍തിരുന്നവരും പിടിയിലായിട്ടുണ്ട്. ചെറിയ വരുമാനത്തിന് ജോലി ചെയ്‍തിരുന്നവരാണിവര്‍. ഒപ്പം താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചവരും രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ കുവൈത്തില്‍ തുടര്‍ന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിന് വേണ്ടി എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു.

അതേസമയം കുവൈത്തില്‍ താമസിക്കുന്ന താഴ്‍ന്ന വരുമാനക്കാരായ അവിദഗ്ധ തൊഴിലാളികളെ ഒഴിക്കാനുള്ള പുതിയ കര്‍മപദ്ധതിയുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്. രാജ്യത്തെ സ്വദേശി – പ്രവാസി ജനസംഖ്യയിലെ അസന്തുലിത്വം മറികടക്കാനാണ് നീക്കമെന്നാണ് വിശദീകരണം. നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1.82 ലക്ഷത്തോളം പ്രവാസികളെ നാടുകടത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം വരും ദിവസങ്ങളില്‍ ശക്തമായ നടപടികളുമായി രംഗത്തെത്തും. കണ്ടെത്തി നാടുകടത്തേണ്ട ഒന്നര ലക്ഷത്തിലധികം പ്രവാസികളില്‍ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്‍പോണ്‍സര്‍ഷിപ്പിലാണ്. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തിലാണ് അനധികൃത പ്രവാസികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!