അയോഗ്യത കൊണ്ട് തീരുന്നില്ല; വളഞ്ഞിട്ടുപിടിക്കാൻ രാഹുലിനെതിരേ 16 കേസുകൾ

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്ക് നയിച്ച സൂറത്ത് കോടതി വിധിക്കു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വായടപ്പിയ്ക്കാന്‍ കേസുകളിലൂടെ വലവിരിച്ച് ബി.ജെ.പി. ഇന്ത്യയൊട്ടാകെ നിലവില്‍ 16 കേസുകളാണ് വിവിധ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലെ ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം ഉള്‍പ്പെടെയാണിത്.

ആര്‍.എസ്.എസിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാത്രം രാഹുലിനെതിരേ മൂന്നുകേസുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം അസമിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയിലെ താനെയില്‍ 2014-ല്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെ ആര്‍.എസ്.എസാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്ന് രാഹുല്‍ പ്രസംഗിച്ചു. ‘ആര്‍.എസ്.എസുകാര്‍ ഗാന്ധിജിയെ കൊന്നു. ഇപ്പോഴവര്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തു’, രാഹുല്‍ പറഞ്ഞതിങ്ങനെ. ഇതിനെതിരേ ഭീവണ്ടിയിലെ ആര്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി രാജേഷ് മഹാദേവ് കുന്ദെ, ഭീവണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ നടക്കാനിരിക്കുകയാണ്.

2016-ല്‍ രാഹുലിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍, അസമില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണവ മഠമായ ബാര്‍പേട്ട സത്രത്തില്‍ തന്നെ ആര്‍.എസ്.എസ്സുകാര്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചതിനാണിത്. അസം കാമരൂപ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണ അന്തിമഘട്ടത്തിലാണ്.

2018-ല്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരേ നടത്തിയ പരാമര്‍ശത്തിലും മുംബൈ അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ മറ്റൊരു കേസുണ്ട്. രണ്ട് കക്ഷികളും ഹാജരാകാത്തതിനാല്‍ ഇത് മാറ്റിവെച്ചിരിക്കുകയാണ്.

2018 ജൂണില്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിലാണ് മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും വാദം തുടങ്ങാനിരിക്കുകയാണ്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത്, അമിത് ഷായെ കൊലപാതകക്കേസിലെ ആരോപണവിധേയനായ ആള്‍ എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ കൃഷ്ണവദന്‍ സോമനാഥ് ബ്രഹ്‌മഭട്ട് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും നടപടി തുടരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കമാന്‍ഡര്‍ ഇന്‍ തീഫ്’ എന്നു വിളിച്ചതില്‍ മുംബൈ ഗിര്‍ഗാവ് കോടതിയില്‍ മഹേഷ് ഹുകുംചന്ദ് ശ്രീഷ്മല്‍ നല്‍കിയ ഹര്‍ജിയാണ് മറ്റൊന്ന്. മോദി കുലപ്പേര് പരാമര്‍ശത്തില്‍ സൂറത്തിനു പുറമേ ബിഹാറിലെ പട്‌നയിലും ജാര്‍ഖണ്ഡിലെ റാഞ്ചിയിലും കേസുകളുണ്ട്.

ഇതിനു പുറമേ എ.ഐ.സി.സി. പ്ലീനറിയില്‍ 2018-ല്‍ അമിത് ഷായെ ‘കൊലപാതകി’ എന്നുവിളിച്ചതില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലും ചായിബാസയിലും രണ്ടു കേസുകള്‍. ‘ബി.ജെ.പി. കൊലപാതകത്തില്‍ ആരോപണവിധേയനായ ആളെ അധ്യക്ഷനായി സ്വീകരിക്കും’ എന്നു പറഞ്ഞതിന് റാഞ്ചിയില്‍ തന്നെ മറ്റൊരു കേസ്. രാഹുലിനെ ശ്രീരാമനായി ചിത്രീകരിച്ചുള്ള പോസ്റ്റര്‍, മോദിയെ കള്ളന്‍ എന്നു വിളിച്ചത്, 1984 കലാപത്തെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയിലുള്ള കേസുകള്‍ വേറെയും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!