‘ശിക്ഷ മരവിപ്പിച്ചതുകൊണ്ട് അയോഗ്യത ഇല്ലാതാകുന്നില്ല; രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനാകില്ലെന്ന് നിയമവൃത്തങ്ങൾ, രാഹുലിനെ പിന്തുണച്ച് കെജ്‌രിവാളും ഡിഎംകെയും
മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി സ്ഥാനത്തിന് അയോഗ്യനെന്ന് വിശദീകരണം. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്താലേ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനാകൂവെന്നാണ് പുതിയ വിശദീകരണം. നിലവിൽ രാഹുൽ ഗാന്ധിയുടെ ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ശിക്ഷ മരവിപ്പിച്ചതുകൊണ്ട് അയോഗ്യത ഇല്ലാതാകുന്നില്ല. കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ച ഉത്തരവുതന്നെ സ്റ്റേ ചെയ്തെങ്കിൽ മാത്രമേ അയോഗ്യത ഒഴിവാകൂ എന്നുമാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. മേൽക്കോടതി രണ്ടു വര്‍ഷത്തെ ശിക്ഷ ശരിവച്ചാല്‍ വയനാട്ടിൽ നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍നിന്ന് അയോഗ്യനാകുമെന്നായിരുന്നു ആദ്യ വിവരം. മജിസ്ട്രേറ്റ് കോടതിയുടെ വിധിയോടെ തന്നെ രാഹുൽ ഗാന്ധി അയോഗ്യനായെന്നാണ് പുതിയ വിശദീകരണം.
കോൺഗ്രസ് നേതാവു കൂടിയായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയും ഇക്കാര്യം മാധ്യമങ്ങൾക്കു മുന്നിൽ സ്ഥിരീകരിച്ചു. അയോഗ്യതയ്‌ക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നാണ്, ഈ വിഷയത്തിൽ കോൺഗ്രസിനായി നിയമപോരാട്ടം നയിക്കുന്ന അഭിഷേക് സിങ്‌വി അറിയിച്ചതും. ഉചിതമായ നിയമനടപടിക്ക് നീതിപൂർവമായ സംവിധാനം സാവകാശം നൽകുമെങ്കിലും, ഈ സർക്കാർ അതു ചെയ്യുമെന്ന് കരുതുന്നില്ലെന്നും സിങ്‌വി വ്യക്തമാക്കി.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തിൽ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിയെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ജാമ്യം അനുവദിച്ച കോടതി അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു.
വിധി പറയുമ്പോള്‍ രാഹുല്‍ കോടതിയിലുണ്ടായിരുന്നു. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്.
അതേ സമയം കോടതി വിധിയില്‍ നിശബ്ദരായി പ്രതിപക്ഷ പാര്‍ട്ടികള്‍. അരവിന്ദ് കെജ്‌രിവാളും ഡി.എം.കെയും രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ എന്‍.സി.പിയും ഉദ്ധവ് താക്കറെയുടെ ശിവസേനാ വിഭാഗവും വിഷയത്തില്‍ പ്രതികരിച്ചില്ല.
കോണ്‍ഗ്രസുമായി തങ്ങള്‍ക്ക് എതിര്‍പ്പുകളുണ്ടെങ്കിലും ഇത്തരം മാനനഷ്ടക്കേസിലൂടെ രാഹുലിനെ ജയിലിലടയ്ക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണെന്ന് രാഹുലിനെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ ഡി.എം.കെയും ആരോപിച്ചു. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവും പ്രതികരിച്ചു.
2019 ഏപ്രിൽ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് രാഹുൽ ഗാന്ധി പരമാർശം നടത്തിയത്. ‘‘എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’’– രാഹുൽ ഗാന്ധി പറഞ്ഞു. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്നു പറഞ്ഞ രാഹുൽ, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്ന് പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു. ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുൻപ് സ്റ്റേ നീക്കി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയിലെ അന്തിമവാദത്തിനു ശേഷം ഇന്ന് വിധിപറയാൻ മാറ്റുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273