സ്പൈസ് ജെറ്റിൻ്റെ ക്രൂരത; കരിപ്പൂരിൽ നിന്നെത്തിയ യാത്രക്കാർ ജിദ്ദയിൽ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം; യുവതിയും കുട്ടികളും ജിസാനിലേക്ക് പോകാനാകാതെ കുടുങ്ങി

ഇന്നലെ (തിങ്കളാഴ്ച) സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് നിന്നും ജിദ്ദയിലെത്തിയ യാത്രക്കാർ നേരിട്ടത് സമാനതകളില്ലാത്ത ദുരിതം. രാവിലെയും ഉച്ചക്കുമായെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി.

യാത്രക്കാരുടെ ലഗേജുകളെത്താതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ലഗേജുകൾ അടുത്ത വിമാനത്തിൽ വരുമെന്നും അത് വരെ കാത്തിരിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതോടെ സ്ത്രീകളും, കുട്ടികളും വൃദ്ധരും തീർഥാടകരുമുൾപ്പെടെ നിരവധിയാളുകൾ വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകാനാകാതെ കുടുങ്ങി.

 

ഭർത്താവില്ലാതെ യാത്ര ചെയ്ത യുവതിയും കുട്ടികളും ദുരിതത്തിൽ:

കരിപ്പൂരിൽ നിന്ന് ജിദ്ദയിലെത്തിയ ശേഷം ജിസാനിലേക്ക് പോകേണ്ടിയിരുന്ന ഒരു യുവതിയും മൂന്ന് ചെറിയ കുട്ടികളും  ജിദ്ദയിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലുണ്ടായിരുന്നു. ഇവരുടെ ഭർത്താവ് ജിസാനിലാണ് ജോലി ചെയ്യുന്നത്. ജിദ്ദയിൽ എത്തിയ ശേഷം ജിസാനിലേക്കുള്ള മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യേണ്ടവരായിരുന്നു ഇവർ. അതിനുള്ള ടിക്കറ്റും നേരത്തെ എടുത്തിരുന്നു. എന്നാൽ കരിപ്പൂരിൽ നിന്ന് ലഗേജ് എത്താതിരുന്നതിനാൽ ഇവർക്ക് ജിസാനിലേക്കുള്ള വിമാനം നഷ്ടമായി. യുവതിക്കും മൂന്ന് കുട്ടികൾക്കുമായി എടുത്ത ടിക്കറ്റിൻ്റെ മുഴുവൻ പണവും നഷ്ടമായി.

മാത്രവുമല്ല വീണ്ടും പുതിയ ടിക്കറ്റെടുത്ത് ജിസാനിലേക്ക് പോകുവാൻ ഇവരുടെ പക്കൽ പണവുമുണ്ടായിരുന്നില്ല. ജിസാനിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നുണ്ടെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങി. ഒടുവിൽ ലഗേജുകൾ നാളെ എയർപോർട്ടിൽ വന്ന് സ്വീകരിക്കണമെന്നും ഇപ്പോൾ പിരിഞ്ഞ് പോകണമെന്നും സ്പൈസ് ജെറ്റ് അധികൃതരിൽ നിന്നും വൈകുന്നേരം അറിയിപ്പ് വന്നു. ഇതോടെ യാത്രക്കാരിൽ മിക്കവരും പിരിഞ്ഞ് പോയെങ്കിലും ജിസാനിലേക്ക് പോകേണ്ടിയിരുന്ന യുവതിയും കുട്ടികളും മാത്രം എവിടേക്ക് പോകണമെന്നറിയാതെ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങി. വീണ്ടും മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ജിസാനിലുള്ള ഭർത്താവ് ഏർപ്പാടാക്കിയ ഒരു സുഹൃത്ത് വന്ന് കൂട്ടികൊണ്ടുപോയത്. ഇനി കരിപ്പൂരിൽ നിന്ന് ലഗേജ് എത്തിയ ശേഷം പുതിയ ടിക്കറ്റെടുത്ത് വേണം യുവതിക്കും കുട്ടികൾക്കും ജിസാനിലേക്ക് യാത്ര തുടരാൻ.

 

 

 

ഇന്നലെ രാവിലെയും ഉച്ചക്കുമായെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരാണ് ലഗേജുകൾ ലഭിക്കാതെ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ 5.55 ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം രാവിലെ 10 മണിക്കാണ് ജിദ്ദയിലെത്തിയത്. എന്നാൽ യാത്രക്കാരിൽ പലർക്കും ലഗേജ് കിട്ടിയില്ല. സ്പൈസ് ജെറ്റ് അധികൃതരുമായി സംസാരിച്ചപ്പോൾ ഉച്ചയ്ക്ക് 2.30ന് വരുന്ന അടുത്ത വിമാനത്തിൽ ലഗേജ് എത്തുമെന്നും അത് വരെ കാത്തിരിക്കണമെന്നുമുള്ള അറിയിപ്പാണ് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകാനാകാതെ സ്ത്രീകളും, കുട്ടികളും വൃദ്ധരുമുൾപ്പെടെയുള്ള നിരവധി പേർ മണിക്കൂറുകളോളം ദുരിതത്തിലായി.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉച്ചക്ക് 2.30ന് കോഴിക്കോട് നിന്നുള്ള രണ്ടാമത്തെ സ്പൈസ് ജെറ്റ് വിമാനവും ജിദ്ദയിലെത്തി. എന്നാൽ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാരിൽ പലർക്കും നിരാശയായിരുന്നു ഫലം. ഏതാനും പേർക്ക് മാത്രമാണ് ലഗേജ് ലഭിച്ചത്. മാത്രവുമല്ല രണ്ടാമത്തെ വിമാനത്തിലെ പല യാത്രക്കാർക്കും ലഗേജ് ലഭിച്ചില്ല.

രാവിലെ മുതൽ ജിദ്ദ വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ആദ്യ വിമാനത്തിലെ യാത്രക്കാർ ഇതിനിടെ സ്പൈസ് ജെറ്റ് അധികൃതരോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ അവർ അര റിയാൽ വിലയുള്ള ചെറിയ ബോട്ടിൽ വെള്ളം മാത്രമാണ് നൽകിയത്. ഇതോടെ ക്ഷുഭിതരായ യാത്രക്കാർ ബഹളം വെച്ചു. ഏറെ നേരത്തെ വാക്ക് തർക്കങ്ങൾക്കോടുവിൽ യാത്രക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി.

 

ലഗേജുകളിൽ നിന്ന് സാധനങ്ങൾ നഷ്ടമാകുന്നു:

കരിപ്പൂരിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജുകളിൽ നിന്ന് മൊബൈൽ ഫോണുൾപ്പെടെയുള്ള വിലപ്പിടിപ്പുള്ള സാധനങ്ങൾ നഷ്ടമാകുന്നതായി നിരവധി പ്രവാസികൾ നേരത്തെ തന്നെ പരാതി നൽകിയുന്നു. എന്നാൽ പരാതി നൽകുന്നു എന്നല്ലാതെ സ്പൈസ് ജെറ്റിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികയും ഉണ്ടാകാകാറില്ലെന്നും യാത്രക്കാർ പറഞ്ഞു.

അടുത്തിടെ കോഴിക്കോട് നിന്ന് ജിദ്ദയിലെത്തിയ ഒരു പ്രവാസിയും കുടുംബവും താമസസ്ഥലത്ത് എത്തിയപ്പോഴാണ് ലഗേജ് തുറന്നതായി കാണുന്നത്. തുറന്ന് പരിശോധിച്ചപ്പോൾ ലഗേജിൽ നിന്ന് ആഭരണങ്ങളുൾപ്പെടെ വിലയേറിയ നിരവധി സാധനങ്ങൾ നഷ്ടമായതായി കണ്ടെത്തി. എയർപോർട്ടിലെത്തി പരാതി നൽകിയെങ്കിലും നിരസിക്കുകയാണുണ്ടായത്. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വരുന്ന പരാതികൾ സ്വീകരിക്കാനാകില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

സ്പൈസ് ജെറ്റിൽ ആഴ്ചകൾക്ക് മുമ്പ് ജിദ്ദയിലെത്തിയ മറ്റൊരു പ്രവാസിക്കും സമാനമായ അനുഭവമുണ്ടായി. കരിപ്പൂരിൽ വിമാനത്തിൽ കയറുന്നതിന് മുമ്പ് ഹാൻഡ് ബാഗ് ലഗേജിലിടണമെന്ന് ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചുകൊണ്ട് ഇയാൾ കയ്യിലുണ്ടായിരുന്ന ഹാൻഡ് ബാഗ് ലഗേജിലിട്ടു. ജിദ്ദയിലെത്തിയപ്പോൾ ഹാൻഡ് ബാഗ് തുറന്നതായും ഐ ഫോണ് നഷ്ടപ്പെട്ടതായും കണ്ടെത്തി. ഉടൻ തന്നെ വിമാനത്താവളത്തിലെ കൌണ്ടറിൽ പരാതി നൽകിയെങ്കിലും ഇത് വരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് യാത്രക്കാരൻ പറഞ്ഞു. കോഴിക്കോട് നിന്നെത്തുന്ന നിരവധി പ്രവാസികൾ ഇത്തരം ദുരനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ കുറവാകയതാണ് സ്പൈസ് ജെറ്റിൽ യാത്ര ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

 

ടിക്കറ്റെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക…

1. ട്രാൻസിറ്റ് യാത്രക്കാർ സ്പൈസ് ജെറ്റിലെ യാത്ര ഒഴിവാക്കുന്നതായിരിക്കും ഉചിതം.

2. മിക്ക സമയങ്ങളിലും സമയനിഷ്ട പാലിക്കാതെയാണ് സ്പൈസ് ജെറ്റിൻ്റെ യാത്ര. അതിനാൽ കുട്ടികൾക്കും മറ്റും ആവശ്യമുള്ള ഭക്ഷണങ്ങളും മരുന്നുകളും കയ്യിൽ കൂടുതലായി കരുതുക.

3. ലഗേജുകളിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ നഷ്ടമാകുന്നതിനാൽ വിലപിടിപ്പുള്ള വസ്തുക്കൾ ലഗേജുകളിൽ സൂക്ഷിക്കാതിരിക്കുക.

4. ലഗേജുകൾ സ്വീകരിച്ചാലുടൻ അവ തുറക്കപ്പെട്ടിട്ടില്ലന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കുക.

5. ലഗേജ് തുറന്നതായി കണ്ടെത്തിയാൽ ഉടൻ വിമാനത്താവളത്തിൽ തന്നെയുളള ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം പരാതി നൽകുക. 

6. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും മറ്റു ഇക്കാര്യത്തിൽ പരിചയക്കുറവുണ്ടെങ്കിൽ മറ്റേതെങ്കിലും യാത്രക്കാരുടെ സഹായം തേടുക.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!