പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പ്: ഗോവിന്ദനോട് രമ
തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈയിൽ പൊട്ടലുണ്ടെന്ന് കളവ് പറയുന്നത് ശരിയല്ലെന്ന് വടകര എംഎൽഎ കെ.കെ.രമയോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് രമ പറഞ്ഞു. പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും എം.വി.ഗോവിന്ദന് രമ മറുപടി നൽകി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. അതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ വ്യക്തമാക്കി.
രമയുടെ കൈയിൽ പൊട്ടലില്ലെന്നും പ്ലാസ്റ്റർ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. രമയുടേതെന്ന പേരിൽ എക്സ്റേ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ സ്വകാര്യവിവരങ്ങൾ പുറത്തുവിടാൻ ആശുപത്രിക്ക് അധികാരമില്ലെന്നും അസുഖമില്ലാത്ത ആളെ ചികിൽസയ്ക്കു വിധേയമാക്കിയെങ്കിൽ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നതെന്നും രമ പറഞ്ഞു. സംഘർഷത്തിനിടെ പരുക്കേറ്റ തന്റെ കൈയ്യിൽ പ്ലാസ്റ്ററിടാൻ നിർദേശിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ്. രമയുടെ കയ്യിൽ പൊട്ടലില്ലെന്നും പ്ലാസ്റ്റർ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. രമയുടേതെന്ന പേരിൽ എക്സ്റേ ദൃശ്യങ്ങളും പ്രചരിച്ചു. ആക്രമണത്തിൽ പ്രതിയായ സച്ചിൻദേവ് എംഎൽഎ അടക്കം സമൂഹ മാധ്യമത്തിൽ ഇത്തരം പ്രചാരണം നടത്തിയ സാഹചര്യത്തിലാണ് കെ.കെ.രമ പ്രതികരണവുമായി എത്തിയത്.
കൈയ്ക്ക് പരുക്കില്ലാതെ ഡോക്ടർ പ്ലാസ്റ്ററിട്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു. തന്റെ എക്സ്റേ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെങ്കിൽ ആശുപത്രി അധികൃതർക്കെതിരെയും നടപടി സ്വീകരിക്കും. സ്വകാര്യവിവരങ്ങൾ പുറത്തുവിടാൻ ആശുപത്രിക്ക് അധികാരമില്ല. അസുഖമില്ലാത്ത ആളെ ചികിൽസയ്ക്കു വിധേയമാക്കിയെങ്കിൽ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നത്. അതിന് ആരോഗ്യവകുപ്പ് മറുപടി പറയണം.
തന്നെ ആക്രമിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യം ആദ്യദിവസം കിട്ടിയിരുന്നില്ല. പിന്നീട് ദൃശ്യം പരിശോധിച്ചപ്പോഴാണ് ആസൂത്രിതമാണെന്നും ഗൂഢാലോചന ഉണ്ടെന്നും മനസിലാക്കിയത്. അഞ്ചാറുപേർ ചേർന്ന് വലിച്ചു പൊക്കിയശേഷം ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റപ്പോൾ നിയമസഭയിലെ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്ത് ചികിൽസയ്ക്കായിപോയി. മരുന്നിട്ടശേഷം, ജില്ലാ ആശുപത്രിയിൽപോയി എക്സ്റേ എടുക്കാനും ആംബുലൻസിൽപോകാനും ഡോക്ടർ നിർദേശിച്ചു. ആംബുലൻസിൽപോയിരുന്നെങ്കിൽ കഥ ഇനിയും മോശമാകുമായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ചത് മറ്റു രോഗികളുടെ മുന്നിൽ വച്ചാണ്. ഡോക്ടറാണ് പ്ലാസ്റ്ററിടാൻ നിർദേശിച്ചത്. മീഡിയയും ആ സമയം അവിടെ ഉണ്ടായിരുന്നു. കൈയ്ക്ക് പരുക്കില്ലാത്ത ആൾക്ക് ഡോക്ടർ പ്ലാസ്റ്റർ ഇടുമോയെന്ന് കെ.കെ.രമ ചോദിച്ചു.
‘ഇത്തരം സംവിധാനങ്ങളാണോ സർക്കാർ ആശുപത്രികളിലുള്ളത്. ഇത് എന്റെ കുറ്റമല്ല. രോഗിയല്ല ചികിൽസ തീരുമാനിക്കുന്നത്. പ്ലാസ്റ്ററിടുന്നത് സന്തോഷമുള്ള കാര്യമല്ല. ജോലികൾ ചെയ്യാൻ കഴിയില്ല. പരുക്കില്ലാത്ത രോഗിക്ക് പ്ലാസ്റ്ററിട്ടെങ്കിൽ ഡോക്ടർക്കെതിരെ പരാതി നൽകും’–കെ.കെ.രമ പറഞ്ഞു.
എക്സ്റേ എന്ന പേരിൽ രേഖകൾ പ്രചരിക്കുന്നത് യഥാർഥമാണോ എന്ന് ആശുപത്രിയാണ് വ്യക്തമാക്കേണ്ടത്. സ്വകാര്യവിവരങ്ങൾ പുറത്തുപോകുന്നത് ശരിയല്ല. അങ്ങനെ പോയെങ്കിൽ ആരാണ് പുറത്തുവിട്ടതെന്നു വ്യക്തമാക്കണം. വലിയ പൊട്ടലേ എക്സ്റേയിൽ കാണൂ ചെറിയ പൊട്ടൽ കാണില്ല എന്നു ഡോക്ടർ പറഞ്ഞിരുന്നു. പൊട്ടൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ല. ചതവുണ്ടെന്നും പരുക്കുണ്ടെന്നും പറഞ്ഞു. കൂടുതൽ മോശമാകാതിരിക്കാൻ പ്ലാസ്റ്റർ ഇടണമെന്നു പറഞ്ഞതായും കെ.കെ.രമ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273