പ്രവാസിയെയും കാമുകിയെയും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മൂന്ന് പ്രവാസികൾക്ക് ശിക്ഷ

ദുബൈയില്‍ യുവാവിനെയും കാമുകിയെയും തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഏഷ്യക്കാരായ മൂന്ന് പ്രവാസികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. പ്രവാസി യുവാവിനെയും കാമുകിയെയും അവരുടെ താമസസ്ഥലത്തു നിന്ന് തട്ടിക്കൊണ്ടു പോയി അല്‍ റിഫയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്‍തുവെന്നാണ് കേസ്.

38 വയസുള്ള ഏഷ്യക്കാരനായ പ്രവാസിയാണ് കേസിലെ പരാതിക്കാരന്‍. തന്നെയും കാമുകിയെയും മൂന്ന് പേര്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയും പണം തട്ടുകയും ചെയ്‍തുവെന്നായിരുന്നു പരാതി. ഇരുവരും താമസിച്ചിരുന്ന വീടിന്റെ വാതിലില്‍ മുട്ടിയ പ്രതികള്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍, തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഇവരെ പുറത്തിറക്കി. ശേഷം ഒരു വാഹനത്തില്‍ കയറ്റുകയും വിലങ്ങണിയിക്കുകയും ചെയ്‍തു. തങ്ങളെ സംഘാംഗങ്ങള്‍ ഉപദ്രവിച്ചതായും ഷോക്കടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

മോചിപ്പിക്കണമെങ്കില്‍ 5000 ദിര്‍ഹം വേണമെന്നായിരുന്നു ആവശ്യം. ചില സുഹൃത്തുക്കളെ വിളിച്ച് പണം സംഘടിപ്പിച്ച് കൊടുത്തെങ്കിലും വിടാന്‍ തയ്യാറായില്ല. ഉപദ്രവവും തുടര്‍ന്നു. പിന്നീട് 13,000 ദിര്‍ഹം കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതും പലരില്‍ നിന്ന് സംഘടിപ്പിച്ച് കൊടുത്തതോടെ വിട്ടയച്ചു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസി ഉടന്‍തന്നെ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അധികം വൈകാതെ മൂന്ന് പേരും അറസ്റ്റിലായി. വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്കും ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷയും പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്ത 18,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായാല്‍ മൂവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും ഉത്തരവിലുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!