വൈദ്യുതി കുടിശിക 215 രൂപ: വിദ്യാർഥി സംരംഭകൻ്റെ ഐസ്ക്രീം കടയുടെ ‘ഫ്യൂസ് ഊരി’ KSEB; നഷ്ടം 1,12,300 രൂപ!
തിരുവനന്തപുരം∙ വൈദ്യുതി കുടിശികയായ 215 രൂപ അടച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാർഥിയായ സംരംഭകന്റെ ഐസ്ക്രീം കടയുടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഐസ്ക്രീം നശിച്ച് യുവ സംരംഭകനായ രോഹിത് ഏബ്രഹാമിനുണ്ടായ നഷ്ടം 1,12,300 രൂപ. അറിയിപ്പൊന്നും നൽകാതെ വൈദ്യുതി വിച്ഛേദിച്ചു നഷ്ടം വരുത്തിയതിനെതിരെ രോഹിത് വൈദ്യുതി മന്ത്രിക്കു പരാതി നൽകി.
രോഹിത്തിന്റെ കൊല്ലത്തെ കടയുടെ വൈദ്യുതിയാണു കെഎസ്ഇബി വിച്ഛേദിച്ചത്. ഇപ്പോൾ ബെംഗളൂരുവിൽ വിദ്യാർഥിയായ രോഹിത് പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഐസ്ക്രീം കച്ചവടത്തിലേക്ക് ഇറങ്ങിയത്. ആദ്യം അമ്മയുടെ വഴുതക്കാടുള്ള കടയോടു ചേർന്നാണ് ഐസ്ക്രീം കടയിട്ടത്. പിന്നീട് വർക്കലയിലും കൊല്ലത്തും കടകൾ ആരംഭിച്ചു. ബെംഗളൂരുവിൽ പഠിച്ചുകൊണ്ടിരിക്കെ കച്ചവടം വിലയിരുത്തുന്ന രോഹിത്താണ് സ്റ്റോക് സംബന്ധിച്ച ഇടപാടുകൾ നടത്തുന്നത്.
മൂന്നു ദിവസം മുൻപാണു കൊല്ലത്തെ കടയുടെ വൈദ്യുതി വിച്ഛേദിച്ചതായി കാണുന്നത്. കെട്ടിട സമുച്ചയത്തിലെ ഓരോ കടകൾക്കും പ്രത്യേകം മീറ്ററുകളുണ്ട്. കടയുടെ ഒരു വശത്തായാണ് മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി വിച്ഛേദിച്ചതാണെന്ന് ആദ്യം മനസിലായില്ല. അന്വേഷിച്ചപ്പോഴാണ് കെഎസ്ഇബിയാണ് വൈദ്യുതി വിച്ഛേദിച്ചതെന്നു മനസിലായത്. കെട്ടിട ഉടമയ്ക്കോ സ്ഥാപന ഉടമയ്ക്കോ അറിയിപ്പു ലഭിച്ചിരുന്നില്ല. വൈദ്യുതി വിച്ഛേദിക്കുന്നതിനു മുൻപ് കെഎസ്ഇബി ജീവനക്കാരും കടക്കാരെ വിവരം അറിയിച്ചില്ല. മുൻപ് കട നടത്തിയിരുന്ന ആളിന്റെ മൊബൈൽ നമ്പരിലേക്കാണു മൂന്നാം തീയതി കെഎസ്ഇബിയുടെ സന്ദേശം വന്നതെന്നു അന്വേഷണത്തിൽ വ്യക്തമായി.
വൈദ്യുതി മുടങ്ങിയതിനാൽ പുതിയ സ്റ്റോക്കായി വന്ന ഐസ്ക്രീമെല്ലാം രൂപമാറ്റം വന്നു വിൽപ്പന യോഗ്യമല്ലാതായി. വൈദ്യുതി വിച്ഛേദിക്കുന്നതിനു മുൻപ് ബില്ലിന്റെ കാര്യം അറിയിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ പണം അടയ്ക്കുമായിരുന്നെന്നു സ്ഥാപന ഉടമ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273